വിപ്ലവജ്വാലയില്‍ ഇളകിമറിഞ്ഞ് മഹാനഗരം; ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് കിസാന്‍ സഭ; ഫട്‌നാവിസും കര്‍ഷകനേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു; ചെങ്കൊടിയേന്തിയ കര്‍ഷകര്‍ നിയമസഭാ കവാടത്തില്‍

മുംബൈ: രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷക മുന്നേറ്റത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി.

ഫഡ്‌നാവിസ്, കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നിയമിച്ച 6 അംഗ സമിതി അംഗങ്ങള്‍, കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധവ്‌ലെ, ഡോ. അജിത് നവ്‌ലെ, സിപിഐഎം എംഎല്‍എ ജെപി ഗാവിത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

സമവായമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും അജിത് നവ്‌ലെ പറഞ്ഞു. ചര്‍ച്ചക്കായി വിധാന്‍സഭയിലേക്ക് പുറപ്പെടും മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആറു ദിവസത്തെ യാത്രക്കൊടുവിലാണ് ഐതിഹാസിക ലോങ് മാര്‍ച്ച് 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്. നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം സമരഭടന്മാരുമായാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. താനെ മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി.

ഞായറാഴ്ച രാത്രി സയോണിലെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് തിങ്കളാഴ്ച എസ്എസ് സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു.

വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോള്‍ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കര്‍ഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കില്‍ ഇത്തവണ അഖിലേന്ത്യ കിസാന്‍ സഭയാണ് സമരം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News