ഡിവില്ലേ‍ഴ്സിന്‍റെ അപരാജിത സെഞ്ചുറിക്ക് മുന്നില്‍ ഓസ്ട്രേലിയ മുട്ടുകുത്തുന്നു; കംഗാരുപ്പടയുടെ മുന്‍നിര തകര്‍ന്നു; ദക്ഷിണാഫ്രിക്കയ്ക്ക് വിജയം കയ്യെത്തും ദൂരെ

ഡിവില്ലേ‍ഴ്സിന്‍റെ ചിറകിലേറി ദക്ഷിണാഫ്രിക്ക തിരിച്ചടികളില്‍ നിന്ന്ഉയിര്‍ത്തെ‍ഴുന്നേല്‍ക്കുന്നു. ഇന്ത്യയ്ക്കെതിരായ ഏകദിന ടി ട്വന്‍റി പരമ്പരകള്‍ നഷ്ടമാക്കിയ ആഫ്രിക്കന്‍ ടീം ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റും പരാജയപ്പെട്ട് നാണക്കേടിന്‍റെ പടുകു‍ഴിയിലായിരുന്നു.

നാല് മത്സര പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. ഒന്നാം ഇന്നിംഗ്സില്‍ കംഗാരുപ്പടയെ 243 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഡിവില്ലേ‍ഴ്സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി 139 റണ്‍സിന്‍റെ നിര്‍ണായക ലീഡാണ്  നല്‍കിയത്.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 5 ന് 180 എന്ന നിലയിലാണ്. 13 റണ്‍സ് നേടിയ വാര്‍ണറുടെ സ്റ്റംപ് തെറിപ്പിച്ച റബാഡയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

24 റണ്‍സ് നേടിയ ബെന്‍ക്രോഫ്റ്റിനെ എന്‍ഗിഡിയും 11 റണ്‍സ് നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിനെ മഹാരാജും പറഞ്ഞയച്ചതോടെ കംഗാരുപ്പട പതറി.  1 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷിനെയും 75 റണ്‍സ് നേടിയ ഖവാജയെയും റബാഡ പവലിയനിലെത്തിച്ചതോടെ ഓസ്ട്രേലിയ പരാജയഭീതിയിലാണ്.

39 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും 5 റണ്‍സ് നേടിയ പെയ്നുമാണ് ക്രീസില്‍. 5 വിക്കറ്റ് മാത്രം ശേഷിക്കെ കേവലം 41 റണ്‍സിന്‍റെ ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ളത്.

നേരത്തെ ഡിവില്ലേഴ്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഉജ്ജ്വലമായി ബാറ്റുവീശിയ ഡിവില്ലേ‍ഴ്സ് തകര്‍പ്പന്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടിയ എ ബി ഡി 126 റണ്‍സ് നേടി.

ഡിവില്ലേ‍ഴ്സിന്‍റെ കരുത്തില്‍ 139 റണ്‍സിന്‍റെ നിര്‍ണായക ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. 146 പന്തില്‍ 20 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു ഡിവില്ലേ‍ഴ്സിന്‍റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 382 റണ്‍സിന് അവസാനിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കുമ്മിന്‍സ് മൂന്നും ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News