‘ഇവര്‍ നിങ്ങളെ തൂത്തെറിയുന്ന കാലം വിദൂരമല്ല’; ബിജെപി സര്‍ക്കാരിന് താക്കീതും ലോങ് മാര്‍ച്ചിന് അഭിവാദ്യങ്ങളുമര്‍പ്പിച്ച് സൂപ്പര്‍ താരങ്ങള്‍

മുംബൈ: ഐതിഹാസികമായ ഇന്ത്യന്‍ കര്‍ഷക മുന്നേറ്റത്തിന് അഭിവാദ്യമര്‍പ്പിച്ച് തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മാധവനും.

‘പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്’. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍ നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്നും പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

‘ഹൃദയം കൊണ്ട് കര്‍ഷക മുന്നേറ്റത്തെ പിന്തുണക്കുന്നു. നമുക്കൊന്നിച്ച് മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാം.’-മാധവന്‍ പ്രതികരിച്ചു.

മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യം സാക്ഷി

വിവിധ ദളിത് സംഘടനകളും ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോള്‍ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കും.

ഒരുലക്ഷംപേര്‍ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. അശോക് ധാവ്‌ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു. ലോങ്മാര്‍ച്ചിന് വഴിയിലുടനീളം വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

പ്രക്ഷോഭകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്ലിം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളില്‍നിന്നും മുസ്ലിം പള്ളികളില്‍നിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍നിന്നായി പതിനായിരങ്ങള്‍ അണിചേര്‍ന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമരത്തില്‍ അണിചേര്‍ന്നു.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കര്‍ഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കില്‍ ഇത്തവണ അഖിലേന്ത്യ കിസാന്‍ സഭയാണ് സമരം നടത്തുന്നത്.

സമരത്തിന് വന്‍ ബഹുജന പിന്തുണ ലഭിച്ചതോടെ വിവിധ സംഘടനകള്‍ പിന്തുണയുമായി എത്തുന്നുണ്ട്. ഞായറാഴ്ച മഹാരാഷ്ട്രയിലെ പൊതുമരാമത്ത് മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും ശിവസേന നേതാവ് ആദിത്യ താക്കറെയും മുളുണ്ടില്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തി. അശോക് ധാവ്‌ളെയെക്കണ്ട് സമരത്തിന് ശിവസേനയുടെ പിന്തുണ വാഗ്ദാനം ചെയ്തു.

എന്‍സിപിയുടെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും എംഎല്‍എമാരും ഗത്യന്തരമില്ലാതെ പിന്തുണയുമായെത്തി. വൈകിട്ട് ജലവിതരണമന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജന്‍ വിക്രോളിയിലെത്തി ഡോ. അശോക് ധാവ്‌ളെ, എഐകെഎസ് സംസ്ഥാന സെക്രട്ടറി അജിത് നാവലെ, നാസിക്കില്‍നിന്നുള്ള സിപിഐ എം എംഎല്‍എ ജി പി ഗാവിത് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രക്ഷോഭത്തിന് ആധാരമായ കാര്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News