വിജയകൊടി പാറിച്ച് കര്‍ഷകര്‍; തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട്

തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു ജനത തെരുവിലേക്ക് ഇറങ്ങി ചെങ്കൊടിയേന്തിയപ്പോള്‍ രാജ്യം മുഴുവന്‍ മുംബൈയിലേക്കൊഴുകുകയായിരുന്നു.

രാജ്യം ഇന്നുവരേ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന് കർഷകർ തുടക്കം കുറിച്ചപ്പോൾ മറ്റൊരു തൊ‍ഴിലാളി സമര വിജയ ഗാഥ കൂടിയാണ് ചരിത്ര താളുകളിലേക്ക് ഇടംപിടിക്കുന്നത്.

ചെന്തിരമാല പോലെ അവർ നഗര വീഥികളി്ലൂടെ ആർത്തിരമ്പി വന്നു. അക്കൂട്ടത്തിൽ യുവാക്കളും , വൃദ്ധരും , കുട്ടികളും, സ്ത്രീകളും ഉണ്ടായിരുന്നു. റോഡു വക്കത്തോ നദീ തീരത്തോ പായ വിരിച്ച് ആകശത്തിന് കീ‍ഴെ അവർ കിടന്നുറങ്ങി. ചെരുപ്പിട്ട് ശീലമില്ലാത്തവരാണ് ഏറെയും , കൂർത്ത കല്ലുകൾക്കും ടാറിട്ട റോഡുകൾക്കും അവരുടെ കാലുകളെ മുറിവേൽപ്പിക്കാൻ ക‍ഴിഞ്ഞിരിക്കാം.

പക്ഷേ ചോരയൊലിക്കുന്ന കാലുകളുമായി ചുവടുകൾക്ക് വേഗം കൂട്ടി അവർ മുന്നോട്ട് തന്നെ നീങ്ങി. കേവലം 200 കിലോ മീറ്റർ താണ്ടുകയല്ലായിരുന്നു അ‍‍ഴർ, ചോരയൊലിക്കുന്ന കാലുമായി അവർ നടന്നത് രാജ്യത്തിന്റെ ഹൃദയത്തിലൂടെ ആയിരുന്നു . ബഹുജന പ്രക്ഷോഭങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. അതേ പിന്തുണ കര്‍ഷക സമരത്തിനും രാജ്യം നൽകി.

സമൂഹമാധ്യമങ്ങളുടേതടക്കം ശ്രദ്ധ ലോങ് മാര്‍ച്ചിലേക്കും മുംബൈ എന്ന മഹാനഗരത്തിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഒൗദാര്യങ്ങൾക്ക് വേണ്ടി ആയിരുന്നില്ല അവകാശങ്ങൾക്ക് വേണ്ടി ആയിരുന്നു തങ്ങളുടെ സമരം എന്ന് ഇടറാത്ത കണ്ഠങ്ങളും ചെങ്കൊടിയേന്തിയ മുഷ്ടികളും ഉച്ചത്തിൽ പറയാതെ പറയുന്നുണ്ടായിരുന്നു.

കര്‍ഷകരോക്ഷം ചെങ്കടലായി മഹാനഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ മാറ്റത്തിന്റെ കുളമ്പടി ശബ്ദമാണ് രാജ്യം കേട്ടത് അത് കോട്ട കൊത്തളങ്ങളിലെ ഭരണകൂടത്തെ വിറപ്പിച്ചു , അവസാനം അവർ മുട്ടുമടക്കി.

കർഷകുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണംകൂടം തയ്യാറായി . കേന്ദ്ര ഭരണത്തിന് കീ‍ഴിൽ അടിച്ചമർത്തപ്പെട്ട തൊ‍ഴിലാളി വർഗ്ഗത്തിന് അവർ നൽകുന്നത് നാളെയുടെ പ്രതീക്ഷകളാണ്.
തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here