വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഭൂമിയിടപാടില്‍ കേസെടുക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

സിംഗിള്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കര്‍ദിനാളിന്‍റെ അപ്പീലില്‍ ഹൈക്കോടതി തീരുമാനം വന്ന ശേഷമെ തുടര്‍ നടപടി ഉണ്ടാകൂ എന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

കാനോന്‍ നിയമപ്രകാരമാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് കര്‍ദിനാള്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.അതേ സമയം ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് ക‍ഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി.

പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ. ജോഷി പുതുവ രണ്ടാം പ്രതിയും ഫാ.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ മൂന്നാം പ്രതിയും ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന,തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉടനുണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. പരാതിക്കാരന്‍റെ മൊ‍ഴി രേഖപ്പെടുത്തുന്നതും പ്രതികളെ ചോദ്യം ചെയ്യലും മറ്റുമാണ് ഇനിയുള്ള നടപടികള്‍.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന അപ്പീലില്‍ തീരുമാനം വന്ന ശേഷമെ ഈ നടപടികളിലേക്ക് പോലീസ് കടക്കൂ. അതേ സമയം കര്‍ദിനാള്‍ അനുകൂലികളായ ഒരു വിഭാഗം വിശ്വാസികള്‍ സഭാ നേതൃത്വത്തിന് നിവേദനം നല്‍കി. ഭൂമി വില്‍പ്പന വിഷയത്തില്‍ അതിരൂപതക്കുണ്ടായ നഷ്ടം നികത്തണമെന്നും വീ‍ഴ്ചകള്‍ക്ക് ക്രിസ്തീയമായ ശൈലിയില്‍ പരിഹാരം കാണണമെന്നും നിവേദനത്തില്‍ പറയുന്നു.

സഭയെ അവഹേളിക്കുന്ന വൈദികരെയും അല്‍മായരെയും നിയന്ത്രിക്കണമെന്നും കര്‍ദിനാളിനോട് മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News