തേനി കാട്ടുതീ; മരണം 11 ആയി; 15 പേരുടെ നില ഗുരുതരം

കേരള തമിഴ്‌നാട് അതിർത്തിയായ ബോഡിക്ക് സമീപം കൊരങ്ങണി വനമേഖലയിൽ ഞായറാഴ്ച ഉണ്ടായ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതിൽ ഏഴുപേർക്ക് 80 ശതമാനം പൊള്ളലേറ്റു. സംഘത്തിലുണ്ടായ 39 പേരിൽ മൂന്നുപേരെക്കുറിച്ച് വിവരമൊന്നുമില്ല.

ചെന്നൈയിലെ കൃഷ്ണമൂർത്തിയുടെ മകൾ അഖില(27),മധുര തിരുനാനസമ്മന്തത്തിന്റെ മകൾ ഹേമലത(30),ശെങ്കൽപ്പെട്ട ജയശങ്കറിന്റെ മകൾ പുനിത(26), കടലൂർ ശെൽവരാജിന്റെ മകൾ ശുഭ(28),ചെന്നൈ രഘുരാമന്റെ മകൻ അരുൾ പ്രഭാകരൻ(28),കന്യാകുമാരി ദാമോദരന്റെ മകൻ വിപിൻ(30),ഈ റോഡ് തങ്കരാജിന്റെ മകൻ തമിഴ്‌ശെൽവൻ(26), ഈറോഡ് മുത്തുകുമാറിന്റെ മകൾ ദിവ്യ(28), തമിഴ്മുനിയുടെ മകൾ നിഷ(22), ദമ്പതികളായ ഈറോഡിലെ ദിവ്യ(24), വിവേക്(26) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ എടപ്പാടിയിലെ ദേവി(32), ചെന്നൈ സ്വദേശികളായ നിഷ(30), അനു വിദ്യ(25), ജയശ്രീ(32), ദിവ്യ പ്രകൃതി(24), അണ്ണാമലൈ ഭാർഗവി(19), ശ്വേത(29), ഈറോഡ് സ്വദേശികളായ കണ്ണൻ(20), സബിത(35), തഞ്ചാവൂർ സ്വദേശി സ്വസുമതി(26), ശിവശങ്കരി(26), ഇലക്കുവ(29), തിരുപ്പൂർ സ്വദേശി ശക്തികല(40), ചിറ്റൂർ സ്വദേശി സതീഷ് കുമാർ(28), മോനിഷ, ശിവശങ്കർ, വിജയലക്ഷ്മി, സായി ഭസ്മതി, നൂജ, ജയശ്രീ, രേണു, നിവേദ, ശ്രദ്ധ എന്നിവരെ തേനി, മധുര മെഡിക്കൽ കോളേജുകളിലും ബോഡി ജനറൽ ആശുപത്രിയിലും, മധുര ഗ്രേസ് ഗെനഡ്, മധുര മീനാക്ഷി, ഈ റോഡ് എൻകെഎം, ചെന്നൈ അപ്പോളോ എന്നിവിടങ്ങളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റ കോട്ടയം പാലായിലെ മീന ജോർജും(32) മധുരയിലെ ആശുപത്രിയിലാണ്.

ശനിയാഴ്ചയാണ് ചെന്നൈ, ഈറോഡ് സ്വദേശികളായ 39 പേരടങ്ങുന്ന സംഘം കേരളാ തമിഴ്‌നാട് അതിർത്തി മേഖലയായ കൊളുക്കുമലയിലേക്ക് ട്രക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇവർ മലയിറങ്ങുന്ന സമയത്താണ് തീപടർന്നത്. മലയുടെ നടുഭാഗത്തുനിന്നും തീ പടർന്നതിനാൽ സഞ്ചാരികൾക്ക് കൊരങ്ങണിയിലേക്ക് ഇറങ്ങാനായില്ല. ഉയരത്തിലുള്ള ചെങ്കുത്തായ വനത്തിൽ കാറ്റുവീശിയതോടെ തീ ശക്തിയായി പടരുകയും സംഘം ചിതറി ഓടുകയുമായിരുന്നു. വഴിയറിയാത്തതിനാൽ പലരും പാറക്കെട്ടുകളിൽ വീണ് പരിക്കേറ്റ് തീയിൽപ്പെട്ട് വെന്തുമരിക്കുകയുമായിരുന്നു.

കാണാതായ മൂന്നുപേർ മലകയറുന്നതിൽനിന്ന് പകുതിവഴിക്കുവച്ച് തിരിച്ചുപോയിരിക്കാമെന്നാണ് തമിഴ്‌നാട് പൊലീസ് കരുതുന്നു. തെരച്ചിലിനായി വ്യോമസേനയുടെ അഞ്ച് ഹെലികോപ്ടറുകളെത്തി. നൂറോളംവരുന്ന ഫയർ ആന്റ് റെസ്‌ക്യൂ ടീമും, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം ഇരുനൂറ്റി അമ്പതോളം ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News