ഇപ്പോൾ ഞങ്ങൾ പോകുന്നു. വേണ്ടി വന്നാൽ തിരിയെ വരും – ആ മുദ്രാവാക്യവുമായാണ് മുംബൈയിൽ നിന്ന് കർഷകർ പിരിഞ്ഞുപോയത്. മുംബൈ സമരത്തിനെതിരായ കുപ്രചാരണങ്ങൾ പൊളിച്ചടുക്കി കിസാൻ സഭാ നേതാവ് പി കെ ലാലിയാണ് ഇതുവെളിപ്പെടുത്തിയത്. കിസാൻ സഭയുടെ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയംഗമാണ് മലയാളി കൂടിയായ ലാലി.
കർഷക സമരത്തോട് ഫട്നാവിസ് സർക്കാർ കാട്ടിയ ഉദാര സമീപനത്തെ വാഴ്ത്തുന്ന പ്രചാരണത്തിലേയ്ക്ക് സംഘപരിവാർ തിരിഞ്ഞിരിക്കയാണ്. സർക്കാരിന്റെ സമീപനത്തിൽ കർഷകർ ആഹ്ലാദത്തിലായി എന്നാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്നത്. സർക്കാർ അനുവദിച്ച പ്രത്യേക തീവണ്ടിയിൽ തിരികേപ്പോയ സമരക്കാർ ഫട്നാവിസ് സർക്കാരിനും മോദിക്കും ബിജെപിക്കും ജയ് വിളിച്ചു എന്നും സോഷ്യൽ മീഡിയയിൽ സംഘപരിവാർ തട്ടിവിട്ടു. ഇതെല്ലാം തട്ടിപ്പാണെന്ന് ലാലി പറഞ്ഞു.
മാർച്ച് തടയാനാണ് ആദ്യം ഫട്നാവിസ് ആലോചിച്ചത്. സമരത്തിനു കൈവന്ന അഭൂതപൂർവ്വമായ പിൻതുണയാണ് ഒത്തുതീർപ്പിലെത്താനുള്ള സൽബുദ്ധി സർക്കാരിനു തോന്നിച്ചത്. അവസാന ദിവസമായപ്പോഴേയ്ക്കും കർഷക സമരം ജനങ്ങളുടെയാകെ പിൻതുണ പിടിച്ചു പറ്റി. കർഷകർ മാത്രമല്ല ഐടി മേഖലയിൽനിന്നു വരെയുള്ളവർ സമരവേദിയിലേയ്ക്കെത്തി. സമരക്കാരെ തുണയ്ക്കാൻ ജനങ്ങൾ സ്വമേധയാ രംഗത്തുവന്നു.
മത സംഘടനകളും സന്നദ്ധസംഘടനകളും ഭക്ഷ്യപാനീയ വിതരണത്തിനെത്തി. സിപിഎമ്മിന്റെ കർഷകസംഘടനയായ കിസാൻ സഭ നടത്തുന്ന സമരത്തിന്റെ വേദിയിലേയ്ക്ക് ശിവ സേന മുതൽ കോൺഗ്രസ് വരെയുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എത്തി. ഈ ജനസമ്മതിയാണ് ഫട്നാവിസിനെ പേടിപ്പിച്ചത്
സമരത്തിന്റെ സമാപന വേദിയിൽ തന്നെ നാല് മന്ത്രിമാർ സംസാരിക്കാനെത്തിയിരുന്നു. അപ്പോൾപ്പോലും അവർക്കോ സർക്കാരിനോ ജയ് വിളിക്കാൻ കർഷകർ തയ്യാറായില്ല.
എന്തു ചെയ്യാം എന്തു ചെയ്യരുത് എന്നറിയാവുന്നവരാണ് സമരത്തിനെത്തിയത്. 6 ദിവസം നീണ്ട മാർച്ചിൽ മികച്ച അച്ചടക്കമാണ് കർഷകർ പ്രകടിപ്പിച്ചത്. റോഡിന്റെ ഒരു വശത്തു കൂടി മാത്രം നടന്ന് ഒരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കാതെയാണ് മാർച്ച് നടന്നത്. ഞായറാഴ്ച സോമയ്യ മൈതാനത്ത് മാർച്ച് സമാപിപ്പിച്ച് തിങ്കളാഴ്ച വിധാൻ സഭയിലേയ്ക്കു മാറാനായിരുന്നു ആദ്യ തീരുമാനം.
പത്താം ക്ലാസ് പരീക്ഷയെ ബാധിക്കരുത് എന്നതിനാൽ ഞായറാഴ്ച രാത്രി തന്നെ ആസാദി മൈതാനത്തിലേയ്ക്കു മാറാനുള്ള തീരുമാനം അംഗീകരിച്ച് വീണ്ടും 16 കിലോ മീറ്ററോളം യാത്ര ചെയ്ത് പുലരുമ്പോൾ കർഷകർ പുതിയ വേദിയിൽ ഒത്തുകൂടി. അത്ര മികച്ച അച്ചടക്കമാണ് കർഷകർ പ്രകടിപ്പിച്ചത്. – ലാലി വിശദമാക്കി.

Get real time update about this post categories directly on your device, subscribe now.