കളിക്കളത്തില്‍ തോക്കെടുത്ത് ലോകത്തെ ഞെട്ടിച്ച ടീം ഉടമയ്ക്ക് മാത്രമല്ല ശിക്ഷ; ഗ്രീക്ക് ലീഗ് മൊത്തം ശിക്ഷ അനുഭവിക്കും

ടീം തോല്‍ക്കാതിരിക്കാന്‍ ടീമുടമ തോക്കെടുത്ത് കളിക്കളം കൈയേറിയതിനെ തുടര്‍ന്ന് ഗ്രീക്ക് സൂപ്പര്‍ലീഗ് ടൂര്‍ണമെന്‍റ് സസ്പെന്‍ഡ് ചെയ്തു. ഗ്രൗണ്ടില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം മാത്രമെ മത്സരങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് ഗ്രീക്ക് കായിക-സാംസ്കാരിക മന്ത്രി ജോര്‍ജിയോസ് വസീലിയാഡിസ് അറിയിച്ചു.

ഈജിപ്തിനും സ്വിറ്റ്സര്‍ലന്‍ഡിനുമെതിരായ ദേശീയ ടീമിന്‍റെ സൗഹൃദ മത്സരങ്ങളെ സസ്പനെഷന്‍ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കായിക മന്ത്രി പറഞ്ഞു.

ഞായറാഴ്ച പി ഒ എ കെ സലോനോക്കിയും എ ഇ കെ ഏഥന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് പി ഒ എ കെ ടീമുടമ ഇവാന്‍ സാവിഡെസ് രണ്ട് തവണ ഗ്രൗണ്ട് കൈയേറിയത്. പി ഒ എ കെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഫൈസല്‍ വിസിലിന് തൊട്ടുമുമ്പുവരെ ഗോള്‍രഹിത സമനിലയിലായിരുന്നു.

തൊണ്ണൂറാം മിനിറ്റില്‍ പി ഒ എ കെയുടെ പ്രതിരോധ താരം ഫെര്‍ഠാഡോ വലേറയുടെ ഷോട്ട് എ ഇ കെയുടെ വലയിലെത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇതോടെ പി എ ഒ കെ ടീം റഫറിക്കെതിരെ പ്രതിഷേധം തുടങ്ങി.

ഈ സമയത്ത് തോക്കുമായി ഗ്രൗണ്ടിലെത്തിയ പി എ ഒ കെ ടീമുടമ ഇവാന്‍ സാവിഡിസ് റഫറിയെ ഭീഷണിപ്പെടുത്തി ഗോള്‍ അനുവദിപ്പിക്കാന്‍ ശ്രമിച്ചു.

റഫറിയെ മാറ്റിനിര്‍ത്തിയ ശേഷം സുരക്ഷാ ജീവനക്കാര്‍ സാവിഡിസിനെ ബലംപ്രയോഗിച്ച് കളിക്കളത്തിന് പുറത്തേക്കെത്തിച്ചു. സാവിഡിസ് പലവട്ടം പലവട്ടം സുരക്ഷാജീവനക്കാരെ മറികടന്ന് റഫറിക്ക് നേരെ കുതിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ടീം ഒഫിഷ്യല്‍സിനൊപ്പം കളിക്കളം കൈയേറിയ സാവിഡിസ് എതിര്‍ ടീം ഡയറക്ടര്‍ വാസിലിസ് ദിമിത്രിയാദിസിനെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഇതോടെ കളി പൂര്‍ത്തിയാക്കാതെ എ ഇ കെ താരങ്ങള്‍ കളം വിട്ടു. ലീഗില്‍ 55 പോയിന്‍റുമായി എ ഇ കെ ഒന്നാമതും 50 പോയിന്‍റുമായി പി ഒ എ കെ മൂന്നാമതുമാണ്.

ജോര്‍ജിയ സ്വദേശിയായ സാവിഡിസ് ഗ്രീസിലെ ധനാഢ്യനും റഷ്യന്‍ പാര്‍ലമെന്‍റിലെ മുന്‍ അംഗവുമാണ്. തുറമുഖങ്ങളുടെയും പുകയില കമ്പനികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ഉടമയായ സാവിഡിസിനെതിരേ ഗ്രീക്ക് പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ക‍ഴിഞ്ഞ മാസം ഇതേ ഗ്രൗണ്ടില്‍ പി എ ഒ കെ- ഒളിമ്പ്യാക്കോസ് മത്സരം കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അന്ന് ഒളിമ്പ്യാക്കോസ് പരിശീലകനെതിരെയായിരുന്നു പി എ ഒ കെ കാണികളുടെ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News