പരിക്ക് വില്ലനായി; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്; ഞെട്ടലോടെ ആരാധകര്‍

ബ്രസീലിന്‍റെ ലോകകപ്പ് സ്വപ്നങ്ങളുടെ കാതലാണ് നായകനും സൂപ്പര്‍ താരവുമായ നെയ്മര്‍. 16 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പില്‍ ബ്രസീലിയന്‍ ടീം മുത്തമിടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ കുറവല്ല. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന വാര്‍ത്തകളാണ് ബ്രസീലില്‍ നിന്ന് പുറത്തുവരുന്നത്.

പരിക്കിന്‍റെ പിടിയിലായതോടെ പിഎസ്ജിക്ക് വേണ്ടിയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലിറങ്ങാനാകിത്ത നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങളുടെ മേല്‍ കരിനി‍ഴല്‍ വീണിരിക്കുകയാണ്. നെയ്മറിന്‍റെ പരിക്ക് സങ്കീര്‍ണമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോ‍ഴിതാ അത്തരം റിപ്പോര്‍ട്ടുകള്‍ ബ്രസീല്‍ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റിയും പരിശീലകനും സ്ഥിരീകരിച്ചിരിക്കുകയാണ്. റഷ്യക്കും, ജര്‍മ്മനിക്കുമെതിരായുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരുടെ ചങ്കിടിപ്പ് കൂടുകയാണ്.

സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. നെറ്റോ, ഫാഗ്നര്‍, ഫിലിപെ ലൂയിസ്, പെഡ്രോ ജെറോമല്‍, റോഡ്രിഗോ, ഫ്രെഡ്, ആന്‍ഡേന്‍ഴ്സന്‍, വില്യന്‍ ജോസ് എന്നിവര്‍ പുതുതായി ടീമില്‍ ഇടംകണ്ടെത്തിയപ്പോള്‍ ഡാനി ആല്‍വസ്, മാര്‍സലോ, മാര്‍ക്വീഞ്ഞോ, തിയാഗോ സില്‍വ, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പൗളീഞ്ഞോ, കുടീഞ്ഞോ, വില്യന്‍, ഡഗ്ലസ് കോസ്റ്റ, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, തുടങ്ങിയവര്‍ സ്ഥാനം നിലനിര്‍ത്തി.

സന്നാഹ മത്സരങ്ങളില്‍ ബ്രസീല്‍ മാര്‍ച്ച് 23ന് മോസ്‌കോയില്‍ റഷ്യയെയും 27ന് ബെര്‍ലിനില്‍ ജര്‍മ്മനിയെയും നേരിടും. നെയ്മര്‍ പരിക്കിന്‍റെ പിടിയിലായതിനാലാണ് ടീമില്‍ നിന്നൊ‍ഴുവാക്കിയതെന്ന് പരിശീലകന്‍ വ്യക്തമാക്കി.

എന്നാല്‍ നെയ്മറിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിലും എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തിലും അധികൃതര്‍ ഉത്തരം നല്‍കിയിട്ടില്ല.

റഷ്യയില്‍ ലോകകപ്പ് തുടങ്ങാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെ സാംബാ ചുവടുമായി കളം നിറയാന്‍ നെയ്മര്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുന്നത് ആരാധകരെ നിരാശരാക്കുന്നതാണ്. നെയ്മറിന്‍റെ പരിക്ക് മാറണമെന്ന പ്രാര്‍ത്ഥനയിലാണ് മഞ്ഞപ്പടയുടെ ആരാധകരിപ്പോള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here