ഇന്ത്യന്‍ വയലുകളില്‍ ഇങ്കുലാബിന്റെ ഇടിമുഴക്കം; മഹാരാഷ്ട്രയ്ക്ക് പിന്നാലെ യുപി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കര്‍ഷകപ്രക്ഷോഭം പ്രഖ്യാപിച്ച് കിസാന്‍ സഭ

ദില്ലി: മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷകമുന്നേറ്റത്തിന്റെ തുടര്‍ച്ചയായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് അരങ്ങൊരുങ്ങി.

ലോങ് മാര്‍ച്ചിന്റെ തുടര്‍ച്ചയായി മറ്റ് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും അഖിലേന്ത്യാ കിസാന്‍സഭ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍സെക്രട്ടറി ഹന്നന്‍ മൊള്ള അറിയിച്ചു.

കിസാന്‍സഭ സ്വന്തം നിലയ്ക്കും കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഭൂമി അധികാര്‍ ആന്ദോളന്‍ തുടങ്ങിയ കര്‍ഷക കൂട്ടായ്മകളുമായി യോജിച്ചുമാകും തുടര്‍പ്രക്ഷോഭം. യുപി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും.

മഹാരാഷ്ട്രയില്‍ മറ്റ് കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് കിസാന്‍സഭ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ പാലിക്കാതെ വന്നതോടെയാണ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങിയത്. കര്‍ഷകരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു.

മഹാരാഷ്ട്രയുടെ മാതൃകയിലാകും മറ്റ് സംസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുക. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുക, ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയായി താങ്ങുവില നിശ്ചയിക്കുക, വനാവകാശനിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കും. വനാവകാശത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് സമാനമായ സ്ഥിതിയാണ് ജാര്‍ഖണ്ഡിലും.

സംസ്ഥാന സര്‍ക്കാരിന് വികസനാവശ്യങ്ങള്‍ക്ക് വനഭൂമി ഏറ്റെടുക്കാമെന്ന തരത്തില്‍ ജാര്‍ഖണ്ഡിലും നിയമം അടിച്ചേല്‍പ്പിച്ചിരിക്കയാണ്.

കൃഷിഭൂമി വ്യാപകമായി ഏറ്റെടുക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരായി ദേശീയതലത്തില്‍ കര്‍ഷകസംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, കേന്ദ്രതലത്തില്‍ നടപ്പാക്കാനാകാതെ പോയത് സംസ്ഥാന സര്‍ക്കാരുകളിലൂടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കൃഷിഭൂമി ഏറ്റെടുക്കുന്നതിനായി നിയമനിര്‍മാണം കൊണ്ടുവന്നു. ഇതിനെതിരായി ശക്തമായ പ്രക്ഷോഭം കിസാന്‍സഭ സംഘടിപ്പിക്കുമെന്ന് ഹന്നന്‍ മൊള്ള പറഞ്ഞു.

രാജസ്ഥാനില്‍ ഭൂമിഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരായ വന്‍പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്നു. രാജസ്ഥാന്‍ കര്‍ഷകസമരം വിജയത്തിലെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പ്രക്ഷോഭം ആരംഭിച്ചത്.

ജാര്‍ഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here