ഇതില്‍പ്പരം ആനന്ദം വേറെയുണ്ടോ? കൊച്ചിക്കാര്‍ക്ക് ആശ്വാസമേകി സിഐടിയു തൊഴിലാളികള്‍

കൊച്ചി: ചുട്ടുപൊളളുന്ന പൊരിവെയിലത്ത് നല്ല തണുത്ത മോരുവെള്ളം കിട്ടിയാല്‍ അതില്‍പ്പരം ആനന്ദം വേറെയുണ്ടോ. വൈറ്റില ഹബ്ബില്‍ ചെന്നാല്‍ സൗജന്യമായി മോരുവെളളം കുടിച്ച് ദാഹം തീര്‍ക്കാം. സിഐടിയു തൊഴിലാളികളുടെ കൂട്ടായ്മയായ സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.

പൊരിയുന്ന വെയിലത്ത് ഇഞ്ചിയും കറിവേപ്പിലയും ഉളളിയുമെല്ലാം ചതച്ചിട്ട നല്ല ഒന്നാന്തരം മോരുംവെളളം കുടിച്ചാല്‍ അതില്‍പ്പരം ആനന്ദവും ആശ്വാസവും വേറെയുണ്ടോ. വൈറ്റില ഹബ്ബിന് സമീപം ചെന്നാല്‍ പൊരിവെയിലില്‍ ഒരുതരി ആശ്വാസവുമായി ഈ തൊഴിലാളികളുണ്ട്.

ചുമട്ടുതൊഴിലാളികളും ഓട്ടോഡ്രൈവര്‍മാരും അടങ്ങുന്ന സിഐടിയു പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ സൗജന്യമായി മോരുംവെളളം നല്‍കുന്നത്. ഇതുവഴി പോകുന്നവര്‍ക്ക് വലിയ ആശ്വാസം കൂടിയാണിത്.

17 സിഐടിയു തൊഴിലാളികള്‍ അവരുടെ വേതനത്തില്‍ നിന്ന് മിച്ചംവെച്ചാണ് ഈ പരോപകാരം ചെയ്യുന്നത്. 60 ലിറ്ററോളം മോരുംവെള്ളം ഒരു ദിവസം ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.

അനാഥാലയങ്ങള്‍ക്ക് പൊതിച്ചോറ് വിതരണം ചെയ്തും, ദന്ത, നേത്ര ക്യാമ്പുകള്‍ സംഘടിപ്പിച്ച് സൗജന്യ ചികിത്സ നല്‍കിയും ഈ ചെറിയ കൂട്ടായ്മ ജീവകാരുണ്യരംഗത്തും സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here