ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു; യുഗപ്രഭാവന്‍റെ ഒാര്‍മകള്‍ക്ക് മരണമില്ല

ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു – മാർക്സിന്റെ വാക്കുകൾ മരിക്കില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇന്ത്യ മാർക്സിന്റെ 135-ാം ചരമവാർഷികദിനം ആചരിക്കുന്നത്.

“ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു” എന്നത് മാർക്സിന്റെ മൃതികുടീരത്തിൽനിന്ന് ഒഎൻവി എ‍ഴുതിയ വരികളാണ്. ആ വരികൾ അന്വർത്ഥമാക്കുകയാണ് ഇന്ത്യൻ മാർക്സിസ്റ്റുകൾ കണ്ടെടുത്ത പുതിയ സമരമുഖങ്ങൾ.

മാർക്സിന്റെ നൂറാം ചരമവാർഷികത്തിനാണ് ഒഎൻവി ‘മാർക്സിനൊരു ഗീതം’ എ‍ഴുതുന്നത്. മാർക്സിന്റെ ആഹ്വാനങ്ങൾ നെഞ്ചേറ്റിയ മലയാളി മാർക്സിനായി പണിതുയർത്തിയ മഹാസ്മാരകമായി ഇന്നും നിലകൊള്ളുകയാണ് ഒഎൻവിയുടെ വിചാരതീക്ഷ്ണവും വികാരസാന്ദ്രവുമായ ആ വാങ്മയം:

“ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും

ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു!

ഇവിടെ നിൽക്കുമീ നിസ്വനാം മർത്യനിൽ,

ഇരമൃഗമായ്ക്കിതയ്ക്കും മനുഷ്യനിൽ,

ഒരു പിടിയരി വെന്ത വെള്ളത്തിനായ്

എരിപൊരികൊള്ളുമിക്കൊച്ചു പൈതലിൽ,

കരൾ നിറയേ പരദുഃഖഭാരവും

ചുമലിൽ സ്വന്തം കുരിശും ചുമന്നുപോം

നിരപരാധിയിൽ, നിസ്സഹായാത്മാവിൽ,

നിണമൊലിക്കുമവന്റെ മുറിപ്പാടിൽ,

നിറമി‍ഴിയിലെയുപ്പുനീരിച്ചു

മുഖമമർത്തവേ മൂർച്ഛിക്കുമമ്മയിൽ,

ഇനിയുമെത്താത്ത വാഗ്ദത്തഭൂമിതൻ

നിനവുകൾ നിന്നെരിയും മനുഷ്യനിൽ,

ഇടിമു‍ഴക്കമായ്, വിദ്യുൽക്കണങ്ങളായ്,

ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു.

എവിടെ മാനുഷരൊന്നുപോൽ വാ‍ഴുന്നു

അവിടെ നിൻ വാക്കു കാവലായ് നിൽക്കുന്നു!

ഹിമമുതിരും പകലുകൾ സൂര്യനെ-

ത്തിരയവേ നീയുണർത്തുപാട്ടാവുന്നു!

ശിശിരശൈത്യത്തെ വെല്ലുന്നൊരദ്ധ്വാന-

ലഹരികളിൽ, അജയ്യവിശ്വാസത്തിൽ,

തൊ‍ഴിൽ ചെയ്വോർതൻ തിരുവത്താ‍ഴങ്ങളിൽ,

ഇളവേൽക്കാനവർ ചായുമിടങ്ങളിൽ,

അവിടെ നിൻ വാക്കു കാവലായ് നിൽക്കുന്നു.

നവയുഗസ്വർഗ്ഗസാക്ഷിയായ് നിൽക്കുന്നു.

എവിടെ മർത്യൻ പിടയുന്നു മുക്തിക്കായ്

അവിടെ നിൻ വാക്കിടിനാദമാവുന്നു!

ഇരുളിൻ കൂടപ്പിറപ്പുകൾ വേച്ചുവേ-

ച്ചി‍ഴയുമെത്ര ഖനികൾതന്നാ‍ഴത്തിൽ,

ധവളസമ്പന്നനീതികൾ നീരൂറ്റി-

ത്തരിശുഭൂമിയായ് മാറ്റുമിടങ്ങളിൽ,

അവിടെ, മണ്ണിൻ ഹരിതസ്വപ്നങ്ങളിൽ,

അടിമകൾതൻ അരുണരോഷങ്ങളിൽ,

തുടലുപൊട്ടിച്ചെറിയാൻ പിടയുന്നോ-

രുയിരിൽ, ഉൽക്കടസ്വാതന്ത്ര്യദാഹത്തിൽ,

അവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു;

അതിലെയഗ്നി ഞാനെന്നിൽക്കൊളുത്തുന്നു!

ശവകുടീരത്തിൽ നീയുറങ്ങുമ്പൊ‍ഴും

ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News