യുപിയില്‍ കാലിടറി ബിജെപി; യോഗിയുടെ മണ്ഡലത്തില്‍ വന്‍ തിരിച്ചടി; രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും എസ്പി മുന്നേറ്റം; തിരിച്ചടി വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്ക് വിലക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിക്ക് വന്‍തിരിച്ചടി.

മണ്ഡലങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ പുറത്ത് വരുമ്പോള്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ 27,000 വോട്ടിന്റെ ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് മുന്നേറുകയാണ്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ 23,000 വോട്ടിന്റെ വ്യക്തമായ ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് പട്ടേല്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ഈ രണ്ടു മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പുര്‍.

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണു രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.

അതേസമയം, ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് നടന്ന അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ജഹാനാബാദ് നിയമസഭാ സീറ്റിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി മികച്ച വിജയം നേടി.

അറാറിയയില്‍ അന്തരിച്ച ലോക്‌സഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകന്‍ സര്‍ഫ്രാസ് ആലം വിജയിച്ചു. ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 15 ,490 വോട്ടുകള്‍ക്ക് വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here