‘ബിജെപിയുടെ കര്‍ഷക-സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം ശബ്ദിച്ചു തുടങ്ങി’; യുപിയിലെ ബിജെപി തിരിച്ചടിയില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം

ലഖ്‌നൗ: യുപി ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്.

ബിജെപിക്ക് ജനങ്ങള്‍ പുറത്തേക്കുള്ള വഴി കാണിച്ചുക്കൊടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

‘ബിജെപിയുടെ കര്‍ഷക വിരുദ്ധ, യുവജന വിരുദ്ധ, സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം ശബ്ദിച്ചിരിക്കുകയാണ്. ബിജെപിക്ക് ജനം പുറത്തേക്കുള്ള വഴി കാണിച്ചിരിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.’-സിന്ധ്യ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിക്ക് വന്‍തിരിച്ചടിയാണ് ജനം നല്‍കിയിരിക്കുന്നത്.

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ 10598 വോട്ടിന്റെ ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് മുന്നേറുകയാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ 15713 വോട്ടിന്റെ വ്യക്തമായ ലീഡുമായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് പട്ടേല്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ഈ രണ്ടു മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. യോഗി ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പുര്‍.

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണു രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here