പ്രാണവായുകിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചപ്പോള്‍ ഉല്ലാസയാത്ര നടത്തിയത് യോഗിക്ക് ഓര്‍മ്മയുണ്ടോ?; ഒന്നും ജനം മറന്നിട്ടില്ല; 2019 ലേക്കുള്ള താക്കീത് കൂടിയാണ് ഗൊരഖ്പൂര്‍

ആര്‍ എസ് എസും സംഘപരിവാറും രാജ്യത്ത് ശക്തിയാര്‍ജിക്കുന്നതിന്‍റെ പ്രഭവകേന്ദ്രമായിരുന്നു ഉത്തര്‍പ്രദേശ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം എന്നതിനപ്പുറം ഉത്തരേന്ത്യയുടെ മനസ്സ് കൂടിയായിരുന്നു എന്നും യുപി.

അയോധ്യയിലെ രാമക്ഷേത്രം എന്ന വാദമുയര്‍ത്തി സംഘപരിവാരങ്ങള്‍ രാജ്യത്തെ അസ്വസ്ഥത പെടുത്തി അതിലൂടെ  അധികാരത്തിന്‍റെ ഇടവ‍ഴികളിലേക്ക് കടന്നു കയറിയതും യു പിയിലെ മണ്ണില്‍ നിന്നായിരുന്നു. ബാബറി മസ്ജിദിന്‍റെ മിനാരങ്ങള്‍ ഇടിച്ചു വീ‍ഴ്ത്തി വര്‍ഗീയത കാട്ടുതീ പോലെ പടര്‍ത്തിവിട്ട് ചെളിക്കുണ്ടായ മണ്ണില്‍ താമര അവര്‍ വിരിയിച്ചെടുക്കുകയായിരുന്നു.

വാടിയും ത‍ഴച്ചും വളര്‍ന്ന താമരത്തണലില്‍ സംഘപരിവാറും ബിജെപിയും ഉത്തരേന്ത്യയിലെമ്പാടും അധികാരം പിടിച്ചെടുത്തു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര ഭരണം പിടിക്കാന്‍ മോദിക്കും കൂട്ടര്‍ക്കും തുണയായതും യു പിയിലെ ജനതയായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന ഭരണവും അവര്‍ ബിജെപിയെ ഏല്‍പ്പിച്ചു. മുസഫര്‍നഗറുപോലുള്ള നൂറുകണക്കിന് ഗ്രാമങ്ങളില്‍ ‍വര്‍ഗീയ കലാപങ്ങളുണ്ടാക്കിതന്നെയാണ് അധികാരം പിടിച്ചെടുത്തതെന്ന കാര്യം ഏവര്‍ക്കുമറിയാവുന്നതാണ്.

വര്‍ഗീയ കാര്‍ഡിറക്കി അധികാരം പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത ദേശീയ പ്രസിഡന്‍റിന്‍റെ തണലിലാകുമ്പോള്‍ എന്ത് തെമ്മാടിത്തരവും കാട്ടാം എന്ന നിലയിലായിരുന്നു സംഘപരിവാറുകാര്‍. പശുവിന്‍റെ പേരില്‍ കൊലപാതാകങ്ങളും കൊടുംപീഢനങ്ങളും തുടര്‍ക്കഥയായി.

ഗോരക്ഷകരെന്ന പേരില്‍ സംഘപരിവാരങ്ങള്‍ കാട്ടിക്കൂട്ടിയ കൊടുംക്രൂരതയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ലോകമാകെ ചര്‍ച്ചയായിട്ടും നീളന്‍ ജുബ്ബയണിഞ്ഞ് പ്രധാനമന്ത്രി മാത്രം മൗനം പാലിച്ചു. ആരെയോ ബോധ്യപ്പെടുത്താനെന്ന മട്ടില്‍ രണ്ടു വട്ടം ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രസംഗിച്ചെങ്കിലും ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടു.

അധികാരത്തിന്‍റെ സുഖലോലുപതയില്‍ ആക്രോശങ്ങളും ഗര്‍വ്വും കാട്ടിയപ്പോള്‍ താമര ഭരണത്തിന് നേതൃത്വം നല്‍കിയ കാഷായ വസ്ത്രധാരിയടക്കമുള്ളവര്‍ യു പി ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രവും പ്രബുദ്ധതയും മറന്നുപോയി.

സര്‍വ്വ പ്രതാപിയായിരുന്ന ഇന്ദിരാഗാന്ധിയെ പോലും വിരല്‍തുമ്പില്‍ നിര്‍ത്തി വിറപ്പിച്ച യു പി ജനതയ്ക്ക് മുന്നില്‍ താന്‍ എത്രയോ നിസ്സാരനാണെന്ന കാര്യം യോഗിയും അമിതും മോദിയും പിന്നെ മറ്റുള്ളവരും ഓര്‍ത്തില്ല.

അല്ലായിരുന്നെങ്കില്‍ ഗൊരഖ് പൂരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചപ്പോള്‍ ഉല്ലാസയാത്രനടത്താന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാകുമായിരുന്നില്ല. പക്ഷെ എല്ലാം ജനം കാണുന്നുണ്ടായിരുന്നു.

തലഉയര്‍ത്തി നില്‍ക്കുന്ന പത്തി അടിച്ച് നിലത്തിടാന്‍ എന്നും ശേഷികാട്ടിയിട്ടുള്ള ജനതയെ പരിഹസിക്കുകയായിരുന്നു യോഗിയും കൂട്ടരും ചെയ്തത്. മസ്തിഷരോഗമാണെന്ന് മാത്രം പറഞ്ഞ് ആ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തെപ്പോലും അന്ന് സംഘപരിവാറുകാര്‍ പരിഹസിച്ചു.

പക്ഷെ ചരിത്രത്തിലെ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നതെന്ന കാര്യം രാജ്യം ഭരിക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ അവര്‍ കാത്തിരിക്കുയായിരുന്നു. അതാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ ജനം തെരഞ്ഞെടുപ്പിലൂടെ കാട്ടിതന്നത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഏറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ ബിജെപിയുടെ സ്വന്തം തട്ടകങ്ങളിലും താമര വാടിക്കരിയുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടോളമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ചുവരുന്ന ലോക്സഭാ മണ്ഡലമാണ് ഗൊരഖ്പൂര്‍. കൃത്യമായി പറഞ്ഞാല്‍ 27 വര്‍ഷങ്ങളായി താമര ഇവിടെ ത‍ഴച്ചുവളരുകയായിരുന്നു. അതില്‍ 20 കൊല്ലവും മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജയിച്ചുകയറിയതെന്നതും തോല്‍വിയുടെ ആക്കം വര്‍ദ്ദിപ്പിക്കും.

1989 ല്‍ ഹിന്ദുമഹാസഭയുടെ പാനലില്‍ നിന്ന് വിജയിച്ച അവൈദ്യനാഥിനെ 91 ല്‍ സ്വന്തം പാളയത്തിലെത്തിച്ചാണ് ഗൊരഖ്പൂരില്‍ ബിജെപി ആദ്യമായി താമര വിരിയിച്ചത്. പിന്നീടിങ്ങോട്ട് ബിജെപിയുടെ ഉറച്ച കോട്ടയെന്ന് രാജ്യം പാടിപറഞ്ഞ മണ്ഡലം കൂടിയായി അത്.

വര്‍ഷങ്ങള്‍ക്കിപ്പുറം എസ് പിയിലൂടെ രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ജയം ഗൊരഖ്പൂര്‍ ജനത സമ്മാനിക്കുമ്പോള്‍ അത് ഒരു ശക്തമായ താക്കീത് കൂടിയാണ്. മോദിക്കും അമിത് ഷായ്ക്കും യോഗിക്കും ഒക്കെയുമുള്ള ശക്തമായ താക്കീത്.

ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം ബിജെപി വിരുദ്ധ വികാരവും സംഘപരിവാര്‍ വിരുദ്ധ വികാരവും രാജ്യത്ത് അതിശക്തമായ രീതിയില്‍ വളരുന്നുണ്ടെന്ന ശുഭ സൂചനകൂടിയാണ് ഗൊരഖ്പൂരില്‍ നിന്ന് പുറത്തുവന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ മനസ്സ് എങ്ങനെയാകുമെന്നതുകൂടിയാണ് വ്യക്തമാകുന്നത്. കളമറിഞ്ഞ് നീങ്ങിയ മായാവതിയും അഖിലേഷ് യാദവും താമരയുടെ തണ്ടൊടിക്കുകയല്ല കരിയിച്ചു കളയുകയാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News