സിക്സറുകളുടെ പെരുമ‍ഴ തീര്‍ത്ത് രോഹിതിന്‍റെ ഉജ്ജ്വല ഇന്നിംഗ്സ്; സിക്സറുകളുടെ കാര്യത്തില്‍ റെക്കോര്‍ഡും തിരുത്തി ഹിറ്റ്മാന്‍

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി ട്വന്‍റി ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയ ലക്ഷ്യം. നായകന്‍ രോഹിത് ശര്‍മയുടെയും രഹാനെയുടെയും ധവാന്റെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.

രോഹിത് ശര്‍മ്മ 61 പന്തില്‍ 89 റണ്‍സുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന ഇന്നിംഗ്സാണ് പുറത്തെടുത്തത്. ധവാനാകട്ടെ 27 പന്തില്‍ 35 റണ്‍സും രഹാനെ 30 പന്തില്‍ 47 റണ്‍സും നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയ റൂബലാണ് ഇന്ത്യന്‍ സ്കോര്‍ പിടിച്ചുനിര്‍ത്തിയത്.

മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടയിലാണ് മികച്ച പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ കളം നിറഞ്ഞത്. അഞ്ച് വീതം ഫോറും സിക്സറുമടിച്ചാണ് രോഹിത് മികവ് തെളിയിച്ചത്.

കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ സിക്സറടിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി. യുവരാജ് സിംഗിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് രോഹിത് തിരുത്തിക്കുറിച്ചത്.

യുവ്‌രാജ് സിംഗിന്റെ പേരിലുളള 74 സിക്സുകളുടെ റെക്കോഡാണ് ഇന്ത്യന്‍ നായകന്‍ പഴങ്കഥയാക്കിയത്. 75ാമത്തെ സിക്സറുകളുമായാണ് രോഹിതിന്‍റെ പടയോട്ടം.

സുരേഷ് റെയ്‌ന 54 സിക്സറുകളുമായി മൂന്നാം സ്ഥാനത്തും ധോണി 46 സിക്സുമായി നാലാം സ്ഥാനത്തും നിൽക്കുന്ന പട്ടികയിൽ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്ലി 41 സിക്സുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.

അതേസമയം ബംഗ്ലാദേശിനെതിരെ മത്സരം ജയിക്കുക ഇന്ത്യക്ക് വെല്ലുവിളിയാകും. എന്നാല്‍ ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here