ബിജെപി നേരിട്ടത് വന്‍തിരിച്ചടി; കേവല ഭൂരിപക്ഷവും തുലാസില്‍; 543 അംഗസഭയില്‍ സീറ്റുനില 273 മാത്രം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത ആഘാതമായി. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെയും ഉപമുഖ്യമന്ത്രിയുടെ ഫൂല്‍പ്പുരിലെയും ദയനീയ തോല്‍വി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.

രണ്ടിടത്തും എസ്പി സ്ഥാനാര്‍ഥികളെ ബിഎസ്പി പിന്തുണച്ചതാണ് തോല്‍വിക്ക് കാരണമെന്ന് ബിജെപി വാദിക്കുമ്ബോഴും വോട്ടു കണക്കുകള്‍ നല്‍കുന്നത് മറ്റൊരു ചിത്രം. 2014ല്‍ അമ്ബത് ശതമാനത്തിലേറെ വോട്ടുനേടി ബിജെപി ജയിച്ച മണ്ഡലങ്ങളാണ് ഗൊരഖ്പുരും ഫൂല്‍പ്പൂരും.

ഇവിടെ ബിജെപിയുടെ വോട്ടുനില ഗണ്യമായി ഇടിഞ്ഞു. 2014ന് ശേഷം ലോക് സഭ ഉപതെരഞ്ഞെടുപ്പുകളിലൊന്നും ബിജെപിക്ക് ജയിക്കാനായിട്ടില്ല. മാത്രമല്ല അഞ്ച് സിറ്റിങ് സീറ്റ് വലിയ വ്യത്യാസത്തില്‍ നഷ്ടമാകുകയും ചെയ്തു.

543 അംഗസഭയില്‍ 282 സീറ്റ് നേടിയ ബിജെപിയുടെ നിലവിലെ സീറ്റുനില സ്പീക്കര്‍ ഉള്‍പ്പെടെ 273 മാത്രം. ബിഹാറില്‍ നിന്നുള്ള എംപിമാരായ കീര്‍ത്തി ആസാദും ശത്രുഘ്നന്‍ സിന്‍ഹയും ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ വിടുനിന്നാല്‍ അംഗബലം ഫലത്തില്‍ 271 ആകും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റിലും യുപിയില്‍ ഒരിടത്തും അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. രണ്ടും ബിജെപിക്ക് വലിയ വെല്ലുവിളിയാകും.

മധ്യപ്രദേശിലെ ജാബുവ- രത്ലം, പഞ്ചാബിലെ ഗുര്‍ദാസ്പുര്‍, രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ എന്നീ സിറ്റിങ് സീറ്റുകളാണ് ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ നേരത്തെ നഷ്ടമായത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2014ല്‍ ബിജെപി ജയിച്ച മധ്യപ്രദേശില്‍ രത്ലം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ 88800 വോട്ടിന് തോറ്റു. രാജസ്ഥാനിലെ അജ്മീര്‍ മണ്ഡലത്തില്‍ 2014ല്‍ ബിജെപി ജയിച്ചത് 171983 വോട്ടിന്. എന്നാല്‍, ജനുവരിയിലെ ഉപതെരഞ്ഞെടുപ്പില്‍ 84414 വോട്ടിന് തോറ്റു.

ഇതിലും കനത്ത തിരിച്ചടിയാണ് രാജസ്ഥാനിലെ അല്‍വാറില്‍ സംഭവിച്ചത്. ബിജെപി മൂന്നു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തോളം വോട്ടിന് തോറ്റു. 2014ല്‍ നേടിയ 60.42 വോട്ടുശതമാനം 2018 ജനുവരിയിലെ ഉപതെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഒന്നര ലക്ഷം വോട്ടുകള്‍ക്ക് ബിജെപിയുടെ വിനോദ് ഖന്ന ജയിച്ച മണ്ഡലമായിരുന്നു പഞ്ചാബിലെ ഗുര്‍ദാസ് പുര്‍. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ഏതാണ്ട് രണ്ടുലക്ഷത്തിന് അടുത്ത് വോട്ടിന് മണ്ഡലം ബിജെപിക്ക് നഷ്ടമായി.

ബിഎസ്പി എസ്പിയെ പിന്തുണച്ചതാണ് തോല്‍വിക്ക് കാരണമെന്ന് ബിജെപി നേതൃത്വം പറയുമ്ബോഴും 2014ലെ വോട്ടുനില എന്തുകൊണ്ട് നിലനിര്‍ത്താനായില്ലെന്നതിന് മറുപടിയില്ല. മാത്രമല്ല 2014ല്‍ എസ്പിയും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു. ഇക്കുറി രണ്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി.

ജെഡിയു പിന്തുണയുണ്ടായിട്ടും എന്തുകൊണ്ട് ബിഹാറിലെ അരാരിയ പിടിച്ചെടുക്കാനായില്ലെന്നതിന് ബിജെപിക്ക് വിശദീകരണമില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും ജെഡിയുവിന്റെയും വോട്ടുകള്‍ ചേര്‍ത്താല്‍ അമ്ബത് ശതമാനത്തിന് അടുത്തുണ്ട്. ആര്‍ജെഡിയുടെ വോട്ടുനിലയാകട്ടെ 41 ശതമാനം മാത്രമാവും.

എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ ആര്‍ജെഡി തങ്ങളുടെ വോട്ടുനിലയില്‍ ഒരു ലക്ഷത്തിലേറെ വര്‍ധന വരുത്തിയപ്പോള്‍ ബിജെപി-ജെഡിയു സഖ്യത്തിന് നാല്‍പ്പതിനായിരത്തോളം വോട്ട് കുറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News