ലഖ്നൗ: മഹാരാഷ്ട്രയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകരുടെ മഹാപ്രതിഷേധം. ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയില്‍ വ്യാഴാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന ‘ചലോ ലഖ്നൗ’ പ്രതിഷേധം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ കനത്ത താക്കീതാകും.

അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ രിഫായിയാം ക്ലബ് മൈതാനിയില്‍ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ജില്ലാ പൊലീസ് അധികൃതര്‍ അനുമതി നല്‍കിയില്ല. റാലി ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നായിരുന്നു വാദം. അനുമതി നല്‍കിയില്ലെങ്കില്‍ വ്യാഴാഴ്ച കര്‍ഷകര്‍ വിധാന്‍സഭയിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ലക്ഷ്മണ്‍മേള മൈതാനിയില്‍ റാലിക്ക് അനുമതി നല്‍കുകയായിരുന്നു.

സുല്‍ത്താന്‍പുര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പുര്‍, ചന്ദോലി, ലഖിംപുര്‍, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ലഖ്നൗവിലേക്ക് ഒഴുകുകയാണ്. ബുധനാഴ്ച വൈകിട്ടോടെ ലഖ്നൗവില്‍ എത്തിയ കര്‍ഷകര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ലക്ഷ്മണ്‍മേള മൈതാനിയിലുമായി തമ്ബടിച്ചിരിക്കയാണ്.

ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്തപരാജയം കര്‍ഷകരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അതിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണവും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി.

കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും