തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു ധനപ്രതിസന്ധിയുമില്ലെന്ന് മന്ത്രി തോമസ് ഐസക്; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു ധനപ്രതിസന്ധിയുമില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ചിലവുകളില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അതേസമയം, അഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്ത് ഞെരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അഞ്ചാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചു, കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നിരാകരിച്ചു, ധനമന്ത്രി ഭരണഘടനാ ലംഘനം നടത്തി, പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്ത് ഞെരിയ്ക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് വി.ഡി.സതീശനാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

കമ്മീഷന്റെ നികുതി നിര്‍ദ്ദേശങ്ങള്‍ 90 ശതമാനവും സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു ധന പ്രതിസന്ധിയുമില്ലന്നും ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. ചിലവുകളില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലന്നും മന്ത്രി ഐസക് സഭയെ അറിയിച്ചു.

അധികാര വികേന്ദ്രീകരണം ഇല്ലാതാക്കൂകയും അധികാര കേന്ദ്രീകരണം നടപ്പാക്കുകയുമാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് ആരോപിച്ചു.

മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് ചര്‍ച്ചാ അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും മാണി വിഭാഗവും ഒ.രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here