ആറ് കളിക്കാരെ പണമെറിഞ്ഞ് വീ‍ഴ്ത്തി അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കി; അന്ന് പെറു തോല്‍ക്കാന്‍ കാരണം ഇതാണ്; ഇതിഹാസതാരത്തിന്‍റെ വെളിപ്പെടുത്തല്‍ കായികലോകത്തെ ഞെട്ടിക്കുന്നു

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ടീം അര്‍ജന്‍റീനയാണെന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകില്ല. 1978 ലെ ലോകകപ്പില്‍ മുത്തമിട്ടതോടെയാണ് അര്‍ജന്‍റീന ലോകഫുട്ബോളിന്‍റെ നെറുകയിലേക്ക് പറന്നിറങ്ങിയത്.

പിന്നീട് മറഡോണയും മെസിയുമെല്ലാം അര്‍ജന്‍റീനയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കിയും ആരാധകരെ പുളകമണിയിച്ചു. എന്നാല്‍ ഇപ്പോള്‍ അര്‍ജന്‍റീനയെ എന്നല്ല കായികലോകത്തെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുണ്ടായിരിക്കുന്നത്.

അര്‍ജന്‍റീന ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത് ഒത്തുകളിയിലൂടെയായിരുന്നെന്ന വെളിപ്പെടുത്തലുമായി പെറു ഇതിഹാസതാരം രംഗത്തെത്തി.

പെറു ദേശീയ ടീമിലെ ആറ് താരങ്ങളെ വിലയ്ക്കെടുത്ത് ഒത്തുകളി നടത്തിയാണ് അര്‍ജന്‍റീന ജയിച്ചുകയറിയതെന്നാണ് ജോസ് വലസ്‌ക്കെസ് വ്യക്തമാക്കുന്നത്. ഇന്ന് തന്‍റെ കയ്യില്‍ വ്യക്തമായ തെളിവുകള്‍ നല്‍കാനില്ലെങ്കിലും യാഥാര്‍ത്ഥ്യം ഇതാണെന്നും ജോസ് പറയുന്നു.

അര്‍ജന്‍റീന വിലയ്ക്കുവാങ്ങിയ താരങ്ങളുടെ പേര് വിവരങ്ങള്‍ സഹിതമാണ് വലസ്കെസിന്‍റെ വെളിപ്പെടുത്തല്‍. റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്‍. രണ്ടു പേര്‍ പിന്നീട് പ്രസിദ്ധരായ ഫുട്‌ബോള്‍ താരങ്ങളായി മാറി എന്നതിനാല്‍ അവരുടെ പേര് ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും  വലസ്‌ക്കസ് വ്യക്തമാക്കി.

താന്‍ പറയുന്ന കാര്യങ്ങള്‍ തെളിവുകളില്ലാത്തതിന്‍റെ പേരില്‍ തള്ളിക്കളയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്‍റീന അതുവരെ ലോകത്തെ വലിയ ശക്തിയായിരുന്നില്ലെന്ന കാര്യം ഏവരും ഓര്‍ക്കണം. എന്നാല്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പടയോട്ടമായിരുന്നു.

16 ടീമുകള്‍ മാറ്റുരച്ച ലോകകപ്പില്‍ നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായാണ് ഏറ്റുമുട്ടിയത്. ഗ്രൂപ്പ് 1 ല്‍ അര്‍ജന്‍റീനയും ഗ്രൂപ്പ് 2 ല്‍ പെറുവും ഏറ്റുമുട്ടി. രണ്ട് ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ കളി മാറി. പെറു എല്ലാ കളികളിലും തോറ്റു. അര്‍ജന്‍റീയ്ക്കെതിരെ ഏകപക്ഷിയമായ ആറുഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. 1978 ജൂണ്‍ 21 ന് നടന്ന ആ മത്സരമാണ് അര്‍ജന്‍റീനയുടെ ഗതി നിര്‍ണയിച്ചത്.  ഇരുവരും തമ്മില്‍ അതുവരെയുള്ള പോരാട്ടങ്ങളില്‍  15 മത്സരങ്ങളും പെറു ജയിച്ചിട്ടുള്ളപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അര്‍ജന്‍റീന ജയിച്ചിട്ടുള്ളതെന്നതും ഇവിടെ ചേര്‍ത്തുവായിക്കണം.

അവസാന മത്സരത്തില്‍ ബ്രസീലിനെതിരെ സമനിലയിലായ അര്‍ജന്‍റീന പെറുവിനെതിരെ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ലോകകപ്പിന്‍റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. എന്നാല്‍ അന്നത്തെ മത്സരം തോറ്റുകൊടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായാണ് വലസ്കെസ് വെളിപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്ക് ഫൈനലില്‍ കടക്കാന്‍ നാലുഗോള്‍ വിജയം നേടണമായിരുന്നു. അവര്‍ ഏകപക്ഷീയമായ ആറുഗോള്‍ ജയവുമായി കുതിച്ചു.

പെറുവിന്റെ കോച്ചുമായ മാര്‍ക്കോസ് കാല്‍ഡ്രോണിന് ഇക്കാര്യം അറിയാമായിരുന്നു. ഗോളി കൈവറോഗയെയുടെ നേതൃത്വത്തിലായിരുന്നു ഒത്തുകളി. സംശയം തോന്നിയ താനടക്കമുള്ള ആറ് കളിക്കാര്‍ ഗോളിയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് പരിശീലകനോട് ആവശ്യപ്പെട്ടകാര്യവും വലസ്കെസ് വ്യക്തമാക്കി.

അപ്പോള്‍ ഇക്കാര്യം സമ്മതിച്ചാണ് പരിശീലകന്‍ പിരിഞ്ഞത്. എന്നാല്‍ കളിതുടങ്ങിയപ്പോള്‍ വലകാക്കാന്‍ കൈവറോഗയുണ്ടായിരുന്നു. പകരം തന്‍റെ സ്ഥാനം ടീമിനു പുറത്താകുകയും ചെയ്തു. അതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലിറങ്ങി 90 മിനിട്ടും കളിച്ചിട്ടുള്ള എന്നെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന ചോദ്യത്തിന് ആരും ഉത്തരംനല്‍കിയില്ല.

അര്‍ജന്റീനയിലെ ഭരണകൂടം കളിയുടെ ഫലം അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ടൂര്‍ണമെന്‍റിലുടനീളം ഒത്തുകളി നടന്നിട്ടുണ്ടെന്നും പെറുവിന്‍റെ ഗോളി ജനിച്ചത് അര്‍ജന്റീനയില്‍ ആണെന്നും ബ്രസീലിയന്‍ പത്രങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ മുത്തമിടാനായി അര്‍ജന്റീന വന്‍ തോതില്‍ കളിക്കാരെ വിലയ്ക്കുവാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. അര്‍ജന്‍റീനന്‍ സെന്‍ട്രല്‍ ബാങ്ക് വഴി പെറുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാതെ ഇരിക്കാനും അര്‍ജന്റീന പെറുവിലേക്ക് അയയ്ക്കാന്‍ വെച്ചിരിക്കുന്ന ധാന്യക്കപ്പല്‍ തടഞ്ഞു വെയ്ക്കാതിരിക്കാനും തോറ്റു കൊടുക്കണമെന്ന് അര്‍ജന്റീനയുടെ ഭരണാധികാരികള്‍ കരാറുണ്ടാക്കിയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെറു ടീമിനെ കോഴകൊടുത്ത് തോല്‍പ്പിച്ചതാണെന്ന കാര്യം തനിക്കറിയാമെന്ന് ഒരു കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍ എഴുതിയ പുസ്തകത്തിലും പരാമര്‍ശിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ പെറു സൂപ്പര്‍ താരം തന്നെ പരസ്യമായി രംഗത്തെത്തിയതോടെ കാല്‍പന്തുലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഫൈനലില്‍ നെതര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കിയത്. കെംപസിന്‍റെ ഇരട്ടഗോളുകളാണ് നീലപ്പടയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here