തിരുവനന്തപുരം: കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍.
ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പുതിയ പുസ്തകത്തിലാണ് നിഷ വെളിപ്പെടുത്തുന്നത്. കെഎം മാണിയുടെ മരുമകളും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരില്‍ ഇംഗ്ലീഷില്‍ ഇള്ള പുസ്തകം ഡിസി ബുക്‌സ് ആണ് പുറത്തിറക്കുന്നത്.
അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാലും നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ ചര്‍ച്ചയാകും.
സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി.
Get real time update about this post categories directly on your device, subscribe now.