മഹാനടനും അത്ഭുത ഫോട്ടോഗ്രാഫറും ഒന്നിച്ചപ്പോള്‍; മലയാളികള്‍ക്കൊരു അപൂര്‍വ്വ കാഴ്ച

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും മലയാളത്തിന്‍റെ മഹാ നടനും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ കൊച്ചിക്കാര്‍ക്കത് അപൂര്‍വ്വ കാഴ്ചയായി.

കൊച്ചിയിലെത്തിയ നിക്ക് ഉട്ടിനെ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശനത്തിന് ബോട്ടില്‍ കയറ്റി യാത്രായാക്കിയത് സാക്ഷാല്‍ മമ്മൂട്ടി. ലോകം ആദരിക്കുന്ന ഫോട്ടൊ ഗ്രാഫറെ സ്വന്തം നാട്ടില്‍ വെച്ച് നേരില്‍ കണ്ട് സംസാരിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

വൈകീട്ട് നാലരയോടെയാണ് ലോക പ്രശസ്ത ഫോട്ടൊഗ്രാഫര്‍ക്കൊപ്പം മലയാളത്തിന്‍റെ മഹാ നടന്‍ എറണാകുളം ബോട്ട് ജെട്ടിയിലേക്ക് എത്തിയത്. കാറില്‍ നിന്നിറങ്ങിയ ഇരുവരും ആരാധകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും ബോട്ട് ജെട്ടിക്കകത്തേക്ക്. അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അല്‍പ്പനേരം. മമ്മൂട്ടിയുടെ അപ്രതീക്ഷിത വരവില്‍ പലര്‍ക്കും ആദ്യം അമ്പരപ്പ്. പിന്നെ സെല്‍ഫിയെടുക്കാനുള്ള തിരക്കായി.

അതേ സമയം നിക്ക് ഉട്ട് തന്‍റെ ക്യാമറ ആരാധകര്‍ക്കു നേരെ ഉയര്‍ത്തി തുരുതുരാ ക്ലിക്ക് ചെയ്തു. ലോകപ്രശസ്ത ഫോട്ടൊഗ്രാഫറുടെ ക്യാമറയില്‍ അങ്ങനെ കൊച്ചിക്കാരും പതിഞ്ഞു.
നിക്ക് ഉട്ടിനെ പോലെ പ്രഗല്‍ഭനായ ഒരു ഫോട്ടൊ ഗ്രാഫറെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

രണ്ട് പ്രശസ്തരെ ഒരുമിച്ച് കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്തിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു. തുടര്‍ന്ന് നിക്ക് ഉട്ടിനെ മമ്മൂട്ടി ബോട്ടിനടുത്തേക്ക് ആനയിച്ചു. പിന്നീട് ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള ബോട്ടില്‍ യാത്രയാക്കിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News