കീ‍ഴാറ്റൂരില്‍ സമരപന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മിന് പങ്കില്ല; വ്യാജപ്രചരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും പി ജയരാജന്‍

കീ‍ഴാറ്റൂരില്‍ സമരപന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി.  വ്യാജപ്രചരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ജയരാജന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. വികസനപ്രശ്നങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും പാര്‍ട്ടിയും നടത്തുന്നത്.കേരളത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന വികസന പദ്ധതികൾ പുരോഗമിക്കുകയാണ്.

കീഴാറ്റൂരിൽ സർവേ നടത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന സമരക്കാരുടെ വെല്ലുവിളി വീണ്വാക്കായി.പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും സമ്മതപത്രം നല്‍കിക്കഴിഞ്ഞു. 4 പേരാണ് ഇനി ബാക്കിയുള്ളത്. ഇത് മറച്ച് വെച്ചുകൊണ്ടാണ് ഇപ്പോൾ നടത്തുന്ന കള്ള പ്രചാരണങ്ങൾ.മറ്റ് സംസ്ഥാനങ്ങളിള്‍ നിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കേരളത്തില്‍ നല്‍കുന്നുണ്ട്.സെന്‍റിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് കീഴാറ്റൂരില്‍ നല്‍കുന്നത്.ഇങ്ങനെ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് കൊണ്ട് കൂടിയാണ് ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയത്.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.അത് കൊണ്ട് തന്നെ റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ പരമാവധി വീടുകൾ ഒഴിവാക്കി സ്ഥലമേറ്റെടുക്കുക എന്നതാണ് നിലപാട്.

ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്.കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഐ(എം) ന് ബന്ധമില്ല.സര്‍വ്വേ നടത്തിയാല്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തി നിന്നത് സമരക്കാരാണ്.
രാവിലെ മുതല്‍ തന്നെ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ടതും അവരായിരുന്നു.സര്‍വ്വേ നടത്താനെത്തിയവരും പോലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അത്.
നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പോലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണ് സംഘർഷം ഒഴിവായത്.തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.പുറത്ത് നിന്ന് വന്നവർ ഉൾപ്പടെ ആകെ 36 പേരാണ് ഉണ്ടായിരുന്നത്.അതിൽ 3 പേർ മാത്രമാണ് ഭൂവുടമകൾ.

കീഴാറ്റൂരിലെ ജനങ്ങള്‍ വികസന വിരുദ്ധരല്ല.നാടാകെ വികസനത്തിന് കൊതിക്കുമ്പോൾ ജമാഅത്തെ
ഇസ്ളാമിക്കാരും തീവ്രവാദ സംഘടനകളും ആർ എസ് എസുകാരുമാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.ജനങ്ങളിൽ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം.അത് കീഴാറ്റൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയത്.സമരത്തിനെതിരെ വസ്തുതകൾ ബോധ്യപ്പെടുത്തി ജനങ്ങളെ അണിനിറത്തുകയാണ് സിപിഐ(എം) ചെയ്തത്.

“വയൽകിളി പ്രവർത്തകരെ കൊലപ്പെടുത്തി അത് സിപിഐ(എം) ന്റെ തലയിലാക്കാൻ” ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആർ എസ് എസ് പ്രവർത്തകർ പൊലീസിന് മൊഴി നൽകിയിരുന്നു.നാട്ടിൽ കലാപം നടത്താൻ വേണ്ടിയായിരുന്നു അവർ ഗൂഡാലോചന നടത്തിയത്.ഈ വിഷയത്തിൽ മാധ്യമങ്ങൾ എടുത്ത നിലപാട് ജനങ്ങൾ കണ്ടതാണ്. യാതൊരു പ്രാധാന്യവും ആ വാർത്തയ്ക്ക് നൽകിയില്ല.ഇത് അക്രമികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാണ്.

നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളാകെ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News