യുപിയിലെ കനത്ത തോല്‍വിയില്‍ കാലിടറി ബിജെപി; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് യോഗിയെ ഒ‍ഴിവാക്കി

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് യോഗിയെ ഒ‍ഴിവാക്കിയതായി സൂചന. യുപിയിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ ഇതുവരെ  യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണമൊഴുക്കി നേടിയ വിജയത്തിൽ അഹങ്കരിച്ചിരിക്കെയാണ് യുപിയിലെയും ബിഹാറിലെയും അപ്രതീക്ഷിത തിരിച്ചടി. യുപിയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ച മണ്ഡലങ്ങളിലെ വമ്പൻ തിരിച്ചടി ബിജെപി നേതൃത്വത്തെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടു.

2014ലെ തെരഞ്ഞെടുപ്പിനുശേഷം 23 ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയിക്കാനായത് നാലിടത്ത് മാത്രം. ഗൊരഖ്പുർ, ഫുൽപുർ ഉൾപ്പെടെ ആറ് സിറ്റിങ് സീറ്റിൽ തോറ്റു. ബിജെപി ജയിച്ച രണ്ടു മണ്ഡലങ്ങളിൽ 2014ലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധീകരിച്ച വാരണാസിയും അപകടത്തിൽ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ പ്രതിനിധീകരിച്ച മഹാരാഷ്ട്രയിലെ ബീണ്ട് മണ്ഡലവുമാണിവ. 2016ൽ അസമിലെ ലക്കിംപുരിലും മധ്യപ്രദേശിലെ ഷാഹ്ദോളിലും ബിജെപി സീറ്റ് നിലനിർത്തി. എന്നാൽ, ഇതേ കാലയളവിൽ യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലായി ആറ് സിറ്റിങ് സീറ്റുകളിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.

ഈവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ബിജെപിക്ക് വെല്ലുവിളിയാകും. രാജസ്ഥാനിൽ ജനുവരി അവസാനം നടന്ന അജ്മീർ, അൽവാർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവിയേറ്റിരുന്നു. 2014ൽ രാജസ്ഥാനിലെ 25 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പുഫലം നൽകുന്ന സൂചനയാകട്ടെ ബിജെപിയുടെ സീറ്റുനിലയിൽ വലിയ ഇടിവുണ്ടാകുമെന്നാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് അടുത്തിടെ ബിജെപി നേട്ടമുണ്ടാക്കിയത്.

ഇവിടെ ഏഴ് സംസ്ഥാനങ്ങളിലായി ആകെ 24 ലോക്സഭാ സീറ്റ് മാത്രമാണുള്ളത്. ഇതിൽ ഒമ്പത് സീറ്റ് നിലവിൽ ബിജെപിക്കൊപ്പമാണ്. ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്നേറ്റം നടത്താനുള്ള ബിജെപിയുടെ നീക്കങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News