കടന്നുപിടിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍ ആര്? കൂടുതല്‍ സൂചനകള്‍ തുറന്നുപറഞ്ഞ് നിഷാ ജോസ്

തിരുവനന്തപുരം: തന്നെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ പുറത്തുവിട്ട് ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസ്. കോട്ടയത്തെ പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകനാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നിഷയുടെ വാക്കുകള്‍ ഇങ്ങനെ:

ഒരു നേതാവിന്റെ മെലിഞ്ഞ മകനാണ് എന്നോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ അച്ഛന്‍ മുന്‍പ് ഞങ്ങളുടെ മുന്നണിയിലായിരുന്നു. കേരളാ കോണ്‍ഗ്രസ് അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നല്ലോ. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ല. കാരണം, വിവാദങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല.

ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദത്തിനോ ഞാന്‍ തയ്യാറല്ല. എന്നാല്‍ സംഭവം സത്യമാണ്. എന്റെ അനുഭവം വായനക്കാരില്‍ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.-അഭിമുഖത്തില്‍ നിഷ പറയുന്നു.

ട്രെയിന്‍ യാത്രക്കിടെ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് നിഷ വെളിപ്പെടുത്തുന്നത്. ഈ പുസ്തകത്തിലെ എ വിഐപി ട്രെയിന്‍ സ്റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്.

ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ് നിഷ പുസ്തകത്തില്‍ വിവരിക്കുന്നത്. പിന്നീട് ജോസ്.കെ മാണിയോടു താന്‍ ഈ കാര്യം പറഞ്ഞിരുന്നു. സംഭവം നടന്നത് എന്നാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ചില സൂചനകള്‍ മാത്രമാണ് പുസ്തകത്തില്‍ പറയുന്നത്.

ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവങ്ങളും പുസ്തകത്തില്‍ നിഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here