ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സമിതി; ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥിസമരം ഒത്തുതീര്‍ന്നു

കോഴിക്കോട് : ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥിസമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പ്രത്യേക സമിതി അന്വേഷിക്കാന്‍ തീരുമാനം. ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കോളേജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു.

ശക്തമായ പ്രതിഷേധമാണ് രാവിലെ മുതല്‍ ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രിന്‍സിപ്പലിനെ ഉപരോധിച്ച കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും സഹപാഠികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു.

കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു്. സ്റ്റാഫ് കൗണ്‍സിലിന് ശേഷം ഫറോക്ക് സി ഐ പങ്കെടുത്ത് ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ പ്രത്യേക സമിതി അന്വേഷിക്കും. ഇതില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയും രക്ഷിതാക്കളുെട പ്രതിനിധിയും വേണമെന്ന ആവശ്യവും പ്രിന്‍സിപ്പല്‍ അംഗീകരിച്ചു. മുന്‍കൂര്‍ ആനുമതി വാങ്ങിയാല്‍ കോളേജില്‍ പ്രധാന ആഘോഷങ്ങള്‍ നടത്താമെന്നും ചര്‍ച്ചയില്‍ ധാരണയായി

ഹോളി ആഘോഷിച്ചതിന്റെ പേരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോളേജിലെ അനധ്യാപകരും അധ്യാപകരില്‍ ചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. പട്ടികയും മരക്കഷണങ്ങളും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികല്‍ക്ക് പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News