ഐഎസ്എല്‍ ആവേശപ്പൂരത്തിന് ഇന്ന് കലാശക്കൊട്ട്; കിരീടത്തിനായി ബംഗലുരുവും ചെന്നൈയ്നും ഏറ്റുമുട്ടും; സാധ്യതകള്‍ ഇങ്ങനെ

ഐഎസ്എൽ നാലാം സീസണിന് ഇന്ന് കലാശക്കൊട്ട്. ഫൈനലിൽ ഐഎസ്എലിലെ കന്നിക്കാരായ ബംഗളൂരു എഫ്സി മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയെ നേരിടും. രാത്രി എട്ടിന് ബംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

ഐ ലീഗിലെ നാല് സീസണിൽ രണ്ട് ചാമ്പ്യൻപട്ടവും രണ്ട് ഫെഡറേഷൻ കപ്പ് കിരീടവും നേടിയാണ് ബംഗളൂരു ഐഎസ്എലിൽ എത്തിയത്. ആദ്യവരവിൽതന്നെ ഗംഭീര പ്രകടനത്തോടെ ഫൈനലിലേക്കും കുതിച്ചു. ലീഗ് റൗണ്ടിൽ 18 കളിയിൽനിന്ന് 40 പോയിന്റ് നേടി ഒന്നാമന്മാരായി. പ്ലേഓഫിൽ ഇരുപാദത്തിലുമായി 3‐1ന് പുണെ സിറ്റി എഫ്സിയെ തകർത്ത് കിരീടപ്പോരാട്ടത്തിനും അരങ്ങൊരുക്കി.

മറുവശത്ത് മുൻ ചാമ്പ്യൻമാരായ ചെന്നൈയിനും മികച്ച റെക്കോഡുമായാണ് ഫൈനലിലെത്തിയത്. 18 കളിയിൽ 32 പോയിന്റുമായി ലീഗ്ഘട്ടത്തിൽ രണ്ടാമതെത്തി. 2015 ഫൈനലിൽ അവരുടെ എതിരാളികളായിരുന്ന ഗോവയെ സെമിയിൽ 4‐1ന് ചെന്നൈ മടക്കി. ആദ്യപാദത്തിലെ 1‐1 സമനിലയ്ക്ക് സ്വന്തം തട്ടകത്തിൽ ചെന്നൈ കനത്ത മറുപടി നൽകി ഗോവയ്ക്ക്.

ഐഎസ്എൽ നാലാം പതിപ്പിലെ ആദ്യകളിമുതൽ കിരീടമുറപ്പിച്ചാണ് ബംഗളൂരു പന്തുതട്ടിയത്. അവരുടേതുപോലെ ഒത്തിണക്കം വേറൊരു ടീമിനും ഉണ്ടായില്ല. സ്വന്തം തട്ടകത്തിലും എതിരാളികളുടെ തട്ടകത്തിലും പുറത്തെടുത്തത് ആധികാരിക കളി. കൃത്യതയോടെയുള്ള നീക്കങ്ങൾ. ലക്ഷ്യബോധമുള്ള ആക്രമണവും പ്രതിരോധവും പ്രത്യാക്രമണവും ബംഗളൂരു ഒരുപോലെ അവരുടെ കളിയിൽ സമന്വയിപ്പിച്ചു. എഎഫ്സി ചാമ്പ്യൻസ് ലീഗിലും എഎഫ്സി കപ്പിലും വിദേശ ടീമുകളോട് ഏറ്റുമുട്ടിയ പരിചയസമ്പത്തും മികവും ബംഗളൂരുവിന്റെ പ്രകടനത്തിന് മാറ്റുകൂട്ടി. ബംഗളൂരുവിന്റേതായ ശൈലി ഐഎസ്എലിൽ കൊണ്ടുവരികയും ചെയ്തു. ഫലം, ഇതര ടീമുകൾ രണ്ടാമതെത്താൻ മാത്രം പോരാടി. നാല് കളി ശേഷിക്കെത്തന്നെ ബംഗളൂരു പ്ലേഓഫ് ഉറപ്പിച്ചു.

പ്ലേഓഫ് വരെ 35 ഗോളാണ് ആൽബെർട്ട് റോക്കയുടെ സംഘം അടിച്ചുകൂട്ടിയത്. സുനിൽ ഛേത്രിയും മിക്കുവും അതിന് ചുക്കാൻപിടിച്ചു. ഛേത്രി 13ഉം മികു 14ഉം തവണ വലകുലുക്കി. നോർവീജിയൻ ലീഗിൽ കളിച്ചുപരിചയമുള്ള ഗോളി ഗുർപ്രീത് സിങ് സന്ധുവും മികച്ച പ്രകടനത്തോടെ ബംഗളൂരുവിന്റെ വിജയങ്ങളിൽ പങ്കാളിയായി. ഇരുപത്തൊന്നുകാരനായ ഉദാന്ത സിങ്, മധ്യനിരയിൽ സ്പാനിഷ് താരം ദിമാസ് ഡെൽഗാഡോ, ഓസ്ട്രേലിയൻ താരമായ എറിക് പാർതലു എന്നിവർ മികച്ച ഫോമിലാണ്.

ജോൺ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും ഒപ്പത്തിനൊപ്പം ശക്തം. റയൽ മാഡ്രിഡിലെ പരിചയസമ്പത്തുമായി വന്ന ജൊവാനൻ, ഹംഗറിക്കാരൻ റിക്രീറ്റിവോ ഹ്യുൽവ എന്നിവർകൂടി ചേരുമ്പോൾ ബംഗളൂരുവിന്റെ പ്രതിരോധം കടുകട്ടിയാണ്. ഹർമൻജോത് ഖബ്ര, രാഹുൽ ഭേക്കെ, സുഭാഷിശ് ബോസ് തുടങ്ങി മിക്ക താരങ്ങളും കരുത്തു തെളിയിച്ചവർതന്നെ. ബിഎഫ്സിയെ പിടിച്ചുകെട്ടാൻ ചെന്നൈയിന് ഏറ്റവും നല്ല കളിതന്നെ പുറത്തെടുക്കേണ്ടിവരും.

ഏതെങ്കിലുമൊരു കളിക്കാരനിൽ ഒതുങ്ങിയല്ല ചെന്നൈയിൻ ഫൈനൽവരെ എത്തിയത്. 11 കളിക്കാർ ഗോളടിച്ചു. ജെജെ ലാൽ പെഖുല അതിന് മുന്നിൽനിന്നു. സെമിയിൽ ജെജെയുടെ തിളക്കം പൂർണമായി. വിലപ്പെട്ട രണ്ടു ഗോൾ ഗോവയുടെ വിധി ഉറപ്പിച്ചു. ഒമ്പത് ഗോളാണ് ജെജെ ഇതുവരെ ചെന്നൈയിന് സമ്മാനിച്ചത്. സെറേനോ, ധൻപാൽ ഗണേഷ്, റാഫേൽ അഗസ്റ്റ, റെനെ മെഹലിക്, മുഹമ്മദ് റാഫി, ഗ്രിഗറി, ഫ്രാൻസിസ് ഫെർണാണ്ടസ് എന്നിവരാണ് ഇതര ഗോളടിക്കാർ.

പകരക്കാരുടെ ബെഞ്ചിലും കരുത്തരുണ്ട് ചെന്നൈക്കാർക്ക്. പരിശീലകൻ ജോൺ ഗ്രിഗറി സംഘത്തിലെ 25 പേരിൽ 24 പേരെയും കളത്തിലിറക്കി പരീക്ഷിച്ചു, വിജയിച്ചു. മൂന്നാം ഗോളി ഷാഹിൻ ലാൽ മെലോലിക്ക് മാത്രമാണ് അവസരം ലഭിക്കാതെപോയത്. ഒന്നാം നമ്പർ ഗോളി കരൺജിത് സിങ് മികച്ച ഫോമിലാണ്. പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിൽ എതിരാളികളെ വിറപ്പിച്ച് ഗോളടിക്കുന്നതാണ് ചെന്നൈയിൻ ശൈലി. പൂർണസമയവും ആരോഗ്യത്തോടെ കളിക്കുന്ന താരങ്ങളാണ് ചെന്നൈയിന്റെ കരുത്തും.

സ്വന്തം തട്ടകമെന്നോ എതിർതട്ടകമെന്നോ വ്യത്യാസമില്ലാതെയാണ് ചെന്നൈയിൻ പൊരുതുന്നത്. ആ ആത്മവിശ്വാസമാണ് ബിഎഫ്സി പേടിക്കേണ്ടതും. ലീഗ്റൗണ്ടിൽ ഇതേ തട്ടകത്തിൽ ബംഗളൂരുവിനെ അവർ തോൽപ്പിച്ചിരുന്നു. അതുകൂടാതെ 2016ൽ ഗോവയുടെ തട്ടകത്തിൽ അവസാനമിനിറ്റുകളിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് തൊടുത്ത രണ്ടു ഗോളുകൾ ബിഎഫ്സിയുടെയും ആൽബെർട്ട് റോക്കയുടെയും മനസ്സിലുണ്ടാകുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News