അക്ഷരങ്ങളിലൂടെ വിസ്മയിപ്പിച്ച എം സുകുമാരന് കേരളത്തിന്‍റെ അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി അടക്കമുള്ളവര്‍ അനുശോചിച്ചു

ഇന്നലെ രാത്രി അന്തരിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എം സുകുമാരന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ കെ ബാലനുമടക്കമുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അനുശോചനം

കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങൾക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗം. സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാൻ എം. സുകുമാരന് സാധിച്ചിരുന്നു.

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങൾ, സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എല്ലാ ഘട്ടത്തിലും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശേഷക്രിയ പോലുള്ള കൃതികൾ വ്യത്യസ്തങ്ങളായ വീക്ഷണകോണുകളിലൂടെ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവിൽ പുരോഗമനപക്ഷം ശക്തിപ്പെട്ട് മുന്നോട്ടുപോകേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ആവശ്യമാണെന്ന കാര്യത്തിൽ എം. സുകുമാരന് രണ്ടുപക്ഷം ഇല്ലായിരുന്നു.

സാംസ്കാരിക മന്ത്രി എ കെ ബാലനും അനുശോചിച്ചു

തികച്ചും വ്യത്യസ്തമായ രീതിയിൽ കഥകളെഴുതിയ പുരോഗമന സാഹിത്യകാരനായ എം.സുകുമാരന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്. കുറച്ച് കഥകൾ കൊണ്ട് സാഹിത്യ ലോകത്ത് വലിയ അംഗീകാരം നേടിയ അദ്ദേഹം കമ്യൂണിസ്റ്റ് സിദ്ധാന്തത്തെപ്പോലും കഥയിലാവിഷ്കരിക്കുകയുണ്ടായി. വിപ്ലവ പ്രസ്ഥാനത്തെ വിമർശിച്ചു കൊണ്ടെഴുതിയ കൃതികളാണ് പ്രശസ്തമായതെങ്കിലും പ്രസ്ഥാനത്തിന്റെ വളർച്ചക്കുതകുന്ന ആദ്യ കാല കഥകളിലാണ് ഈ കഥാകൃത്തിന്റെ സൃഷ്ടി വൈഭവം പ്രകടമാകുന്നത്. അക്കൗണ്ടൻറ് ജനറലാപ്പീസിലെ സമരഭടനായിരുന്ന കാലത്തും ജോലി നഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട കാലത്തും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് കടഞ്ഞെടുത്ത ഓരോ കഥയും ലോകോത്തരമായി മാറി. മലയാള സാഹിത്യത്തിൽ എം.സുകുമാരന് തുല്യനായി എം.സുകുമാരൻ മാത്രമേയുള്ളൂ. അതു കൊണ്ടാണ് അദ്ദേഹത്തെ കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും പുരസ്കാരം നൽകി ആദരിച്ചത്. അ അദ്ദേഹത്തിന്റെ നിര്യാണത്തിൽ മലയാളസാഹിത്യ ലോകത്തോടൊപ്പം ഞാനും അഗാധമായി ദു:ഖം രേഖപ്പെടുത്തുന്നു. – അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News