ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ? ജോസ് കെ മാണിയുടെ ഭാര്യയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജിന്റെ ഭാര്യ

തിരുവനന്തപുരം: ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ, അത് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം സോഷ്യല്‍മീഡിയയില്‍ പരന്നിരുന്നു.

ഇപ്പോഴിതാ, നിഷയെ പരിഹസിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വ്വതി രംഗത്ത് വന്നിരിക്കുന്നു. പുസ്തകം വിറ്റു പോകാന്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറയണോയെന്ന് പാര്‍വ്വതി പരിഹസത്തോടെ ചോദിക്കുന്നു.

പാര്‍വ്വതി ചോദിക്കുന്നത് ഇങ്ങനെ:

‘ശോ, എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനി ആരു പീഡിപ്പിച്ചു എന്ന് പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ? അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ’

ട്രെയിന്‍ യാത്രക്കിടെ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് നിഷ വെളിപ്പെടുത്തുന്നത്.

ഈ പുസ്തകത്തിലെ എ വിഐപി ട്രെയിന്‍ സ്റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ് പിസി ജോര്‍ജിന്റെ മകനാണ്, നിഷയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

നിഷയുടെ വെളിപ്പെടുത്തലിനോട് പിസി ജോര്‍ജ്ജ് പ്രതികരിച്ചത് ഇങ്ങനെ:

‘ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ്.’

‘നിഷ, മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ.’

‘ഒരു എംപി ആയ ജോസ് കെ മാണിയുടെ ഭാര്യയോട് ആരെങ്കിലും അപമര്യാദയായി പെരുമാറാന്‍ ധൈര്യം കാണിക്കുമോ? ഒരു എംപി വിചാരിച്ചാല്‍ നിസാരമായി അവനെ പിടിക്കരുതോ?’-പിസി ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here