പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന; തലവനായി ആര്‍എസ്എസ് ഗുണ്ട പ്രനൂബ് ബാബു; തയ്യാറാക്കിയിരിക്കുന്നത് വന്‍പദ്ധതിയെന്ന് രഹസ്യവിവരം

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് വന്‍ പദ്ധതി തയ്യാറാക്കിയതായി പൊലീസിന് രഹസ്യ വിവരം.

കതിരൂര്‍ എരുവട്ടി സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെയാണ് പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ചുമതലപ്പെടുത്തിയത്.

പ്രനൂബ് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം പി ജയരാജനെ വധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു എന്നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം.

കടമ്പൂര്‍, പൂങ്കാവ്, പാലയാട്, കുന്നുമ്പ്രം, ചക്കരക്കല്‍, മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്വട്ടേഷന്‍ സംഘം മാറി മാറി ക്യാമ്പ് ചെയ്യുന്നത്. അക്രമി സംഘത്തിന് സഞ്ചരിക്കാന്‍ മുന്തിയ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടി ഓഫിസ് ആക്രമിക്കുകയും പി ജയരാജന്‍ അവിടെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ വകവരുത്തുകയും ചെയ്യുക എന്നതാണ് ഇവര്‍ തയ്യാറാക്കിയ പദ്ധതി. പിടിക്കപ്പെട്ടാല്‍ കതിരൂര്‍ മനോജ് വധത്തിന് പ്രതികാരം ചെയ്തതാണെന്ന് മൊഴി നല്‍കണമെന്നാണ് ഇവര്‍ക്ക് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവില്ലാതെ വ്യക്തിപരമായി പ്രതികാരം ചെയ്യുകയായിരുന്നു എന്ന് വരുത്തി തീര്‍ക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ ചട്ടം കെട്ടി. അന്വേഷണം ആര്‍എസ്എസ് നേതൃത്വത്തിലേക്ക് എത്തിരിക്കാനുള്ള പദ്ധതികളും കേസ് നേരിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നേരത്തെ തന്നെ തയ്യാറാക്കി എന്നാണ് പൊലീസിന് ലഭിച്ച വിവരം.

പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് വന്‍ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രത പാലിക്കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി പോലീസ് സ്‌റ്റേഷനുകളിലേക്കു സര്‍ക്കുലര്‍ അയച്ചു.

മുന്‍പൊരിക്കല്‍ ആര്‍എസ്എസ് വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് പി ജയരാജന്‍. 1999 സെപ്തംബര്‍ 25ന് തിരുവോണനാള്‍ വീട്ടില്‍ കയറി അദ്ദേഹത്തെ വെട്ടിപ്പിളര്‍ന്നിരുന്നു.

അസാധാരണ മനഃശക്തിയും വൈദ്യശാസ്ത്രമികവും കൊണ്ടുമാത്രമാണ് പി ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here