തിരുവനന്തപുരം: കളികാണാന്‍ ആളുണ്ട്, പക്ഷേ കളിക്കാന്‍ ആളില്ലാതെ ഒരു ഫുട്‌ബോള്‍ ടീം. കളിക്കളങ്ങളെ ആവേശം കൊള്ളിച്ച് മുന്നേറിയിരുന്ന തിരുവനന്തപുരം ടൈറ്റാനിയം ഫുട്‌ബോള്‍ ക്ലബ്ബാണ് കളിക്കാരില്ലാതെ ബുദ്ധിമുട്ടുന്നത്.
മത്സരത്തിനിറങ്ങാന്‍ പതിനൊന്ന് അംഗങ്ങള്‍ വേണമെന്നിരിക്കെ ക്ലബ്ബിലുള്ളത് വെറും ഏഴ് പേര്‍ മാത്രം. പുതുതായി ടീമില്‍ കളിക്കാരെ എടുക്കാത്തതാണ് ടീമിന്റെ ഈ അവസ്ഥക്ക് കാരണം.
ഒരുകാലത്ത് ഗ്യാലറികളെ ഇളക്കിമറിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തിന് തന്നെ അസൂയയായിരുന്നു ടൈറ്റാനിയം ഫുട്‌ബോള്‍ ടീം. പങ്കെടുത്ത മത്സരങ്ങളിലൊക്കെയും വിജയം. അതുകൊണ്ട് തന്നെ ടീമിന്റെ നീലക്കുപ്പായമണിയാന്‍ കൊതിച്ചവരായിരുന്നു ഫുട്‌ബോള്‍ പ്രേമികളില്‍ ഏറെപേരും.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിന്റെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ കായികലോകം ഒന്ന് തലകുനിക്കേണ്ടി വരും. മത്സരത്തിനിറങ്ങാന്‍ പതിനൊന്ന് അംഗങ്ങള്‍ വേണമെന്നിരിക്കെ ടൈറ്റാനിയം ക്ലബ്ബിലുള്ളത് വെറും ഏഴ് പേര്‍ മാത്രം.
പതിനാറ് വര്‍ഷമായി ടീമിലേക്ക് ആളെ എടുത്തിട്ട്. ഇക്കാരണത്താലാണ് ടീമിന് കളിക്കളത്തിലേക്കിറങ്ങാന്‍ കഴിയാത്തത്. വാടകക്കെടുത്ത് ആളെണ്ണം തികക്കാമെന്ന് കരുതിയാല്‍ സാമ്പത്തികം തടസമാകും. എന്നാല്‍ മാനേജ്‌മെന്റ് ഇടപെട്ടാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ടീം അംഗങ്ങളുടെ പ്രതീക്ഷ. പുതിയ തലമുറയില്‍പെട്ടവര്‍ ടീമിലേക്ക് എത്തണമെന്നും ടീമിനെ നയിക്കണമെന്നുമാണ് നിലവിലെ മുതിര്‍ന്ന താരങ്ങളുടെ ആഗ്രഹം.
സന്തോഷ് ട്രോഫി ഉള്‍പ്പടെ നിരവധി മത്സരങ്ങളില്‍ മാറ്റുരച്ച താരങ്ങളാണ് ടീമില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ ഫുട്്‌ബോള്‍ ചരിത്രത്തില്‍ ഇടംനേടിയവരായിരുന്നു ആദ്യകാല താരങ്ങള്‍.
അതുകൊണ്ട് തന്നെ ടൈറ്റാനിയം ഫുട്‌ബോള്‍ ക്ലബ്ബിനെ കളികളത്തിലിറക്കേണ്ടത് ഓരോ ഫുട്‌ബോള്‍ പ്രേമികളുടേയും ആവശ്യമാണ്. ആ വിശ്വാസം സംസ്ഥാന സര്‍ക്കാരിലും കായിക വകുപ്പിലും അര്‍പ്പിച്ചാണ് ദിവസവും രാവിലെ ശേഷിക്കുന്ന താരങ്ങള്‍ പരിശീലനത്തിനിറങ്ങുന്നത്.
Get real time update about this post categories directly on your device, subscribe now.