പീപ്പിള്‍ വാര്‍ത്ത തുണയായി; ദുര്‍ഗയുടെ പഠനചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് വിദേശമലയാളി ദമ്പതികള്‍

പാലക്കാട്: ലോട്ടറി വിറ്റ് പഠനവും കുടുംബജീവിതവും മുന്നോട്ട് കൊണ്ടു പോയിരുന്ന വിദ്യാര്‍ത്ഥിനിക്ക് വിദേശമലയാളി ദമ്പതികളുടെ സഹായം.

ആസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളി ദമ്പതികളാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ്ഗാലക്ഷ്മിയുടെ പഠനചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തത്.

വനിതാദിനത്തിലാണ് കാഴ്ചയില്ലാത്ത അച്ഛനോടൊപ്പം ലോട്ടറി വിറ്റ് പഠനവും കുടുംബജീവിതവും മുന്നോട്ട് കൊണ്ടു പോകുന്ന ദുര്‍ഗ്ഗാ ലക്ഷ്മിയുടെ അതിജീവന പോരാട്ടം പീപ്പിള്‍ ടിവി ലോകത്തിന് മുന്നിലെത്തിച്ചത്.

പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന ദുര്‍ഗ്ഗാലക്ഷ്മിയെക്കുറിച്ചുള്ള വാര്‍ത്ത കണ്ട് ആസ്‌ട്രേലിയയില്‍ താമസിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളി ദമ്പതികളാണ് ദുര്‍ഗ്ഗാലക്ഷ്മിയുടെ തുടര്‍പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നത്.

ഓരോമാസവും ഇവര്‍ നിശ്ചിതതുക ദുര്‍ഗ്ഗാലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനും സഹായം നല്‍കാമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഐപിഎസുകാരിയാകണമെന്നാഗ്രഹിക്കുന്ന ദുര്‍ഗ്ഗാലക്ഷ്മിക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രതീക്ഷയുടെ വലിയവെളിച്ചമായി മാറുകയാണ് ഈ കൈത്താങ്ങ്.

മുട്ടിക്കുളങ്ങര പാലയ്ക്കാട്ടുപറമ്പില്‍ അച്ഛന്റെ കുടുംബസ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് കെട്ടിയ ഒറ്റമുറിയിലാണ് ദുര്‍ഗ്ഗാലക്ഷ്മിയും കുടുംബവും താമസിക്കുന്നത്.

മഴയും വെയിലുമേല്‍ക്കാതെ നല്ലൊരു വീടും ദുര്‍ഗ്ഗാലക്ഷ്മിയുടെ സ്വപ്നമാണ്. നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ അതും സഫലമാകും. അവിടെയിരുന്ന് പഠിച്ച് വലിയ സ്വപ്നങ്ങളിലേക്കുള്ള പടവുകള്‍ അവള്‍ നടന്നു കയറട്ടെ.


വനിതാദിനത്തില്‍ പീപ്പിള്‍ നല്‍കിയ വാര്‍ത്ത ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here