സംഘപരിവാര്‍ ഭരണകൂടഫാസിസത്തെ നേരിടാന്‍ ഉത്തരേന്ത്യ കേരളത്തിലേക്ക് ഉറ്റുനോക്കുന്നെന്ന് ടീസ്ത സെതല്‍വാദ്; മതത്തിന്റെ പേരിലുള്ള ചേരിതിരിവിനെ പരാജയപ്പെടുത്താന്‍ കേരളത്തിന് കഴിയും

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രം ഉദാത്തമാണന്നും അതുകൊണ്ടാണ് സംഘപരിവാറിന്റെ ഭരണകൂട ഫാസിസത്തെ നേരിടാന്‍ ഉത്തരേന്ത്യ കേരളത്തിലേക്ക് ഉറ്റുനോക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്.

സംസ്ഥാന സര്‍ക്കാരിന്റെ യുവജന കമീഷന്‍ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മതേതരത്വത്തിന് പേരുകേട്ട നാടാണ് കേരളം. ചേരമന്‍ പെരുമാളും ക്രിസ്തുമതത്തിന്റെ വരവും ഒക്കെ അതിനുദാഹരണമാണ്.

അതുകൊണ്ട് കേരളത്തിന് മതത്തിന്റെ പേരിലുള്ള ചേരിതിരിവിനെ പരാജയപ്പെടുത്താന്‍ കഴിയും. വടക്കന്‍ സംസ്ഥാനങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് ഫാസിസത്തിന്റെ ബദല്‍ എന്ന നിലയിലാണ്. എന്നാല്‍, അതിന് ജനാധിപത്യവല്‍ക്കരണത്തിന്റെ പുനര്‍വായന ആവശ്യമാണ്. ഇനിയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടാത്ത മേഖലകള്‍ നിലനില്‍ക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകസമരം ഊര്‍ജം പകരുന്നതാണ്. അടിസ്ഥാനപ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുകയാണ് ഭരണകൂട ഫാസിസത്തെ പ്രതിരോധിക്കാന്‍ ആവശ്യം. മുത്തലാക്കിനെപ്പറ്റി ചര്‍ച്ചചെയ്യുന്ന ചിലര്‍ സ്ത്രീധനത്തെപ്പറ്റി ചര്‍ച്ചചെയ്യാത്തത് അപകടകരമാണന്നും ടീസ്ത പറഞ്ഞു.

യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകയായ ശബ്നം ഹാഷ്മി പറഞ്ഞു. ദേശീയതലത്തില്‍ പുതിയ വിദ്യാര്‍ഥി സഖ്യം ഉയര്‍ന്നുവരികയാണ്. അതിന് ജനാധിപത്യ മതേതര സംഘടനകള്‍ അണിനിരക്കണമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News