മുന്നിലവ് സഹകരണബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പും ക്രമകേടും; തട്ടിപ്പിന് പിന്നില്‍ ആന്റോ ആന്റണി എംപിയുടെ സഹോദരന്‍ പ്രസിഡന്റായിരുന്ന യുഡിഎഫ് ഭരണസമിതി

കോട്ടയം: കോട്ടയം മുന്നിലവ് സഹകരണ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പും ക്രമകേടും.

2016-17ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വായ്പാ തട്ടിപ്പിന്റെ വിശദാംശങ്ങളുള്ളത്. പത്തനംതിട്ട എംപി ആന്റോ ആന്റണി എംപിയുടെ ജേഷ്ഠ സഹോദരനും പ്രസിഡന്റുമായിരുന്ന ജയിംസ് ആന്റണിയാണ് മതിയായ രേഖകള്‍ ഇല്ലാതെ ബാങ്കില്‍ നിന്നും തരപ്പെടുത്തിയത് ആറരക്കോടി രൂപ തട്ടിയെടുത്തത്.

പ്രസിഡന്റായിരിക്കെ ജയിംസ് ആന്റണി മരിച്ചതോടെയാണ് ക്രമകേട് പുറത്താകാന്‍ കാരണം.

648,80,000 രൂപയുടെ വായ്പയാണ് ജയിംസ് ആന്റണി തട്ടിയെടുത്തത്. 66 വ്യക്തികളുടെ പേരിലാണ് വായ്പ തട്ടിപ്പ്. ഒരേ ഈടുവസ്തുവില്‍ ഒന്നിലധികം തവണ വായ്പ നല്‍കി.

സെക്രട്ടറിയും ബോര്‍ഡ് മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചില്ല. മതിപ്പുവില തയ്യാറാക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയുമാണ് വായ്പ നല്‍കിയത്.

വായ്പാ അപേക്ഷയില്‍ സെക്രട്ടറി ഒപ്പിടാതെയും ബാധ്യതാ റിപ്പോര്‍ട്ട് ലീഗല്‍ റിപ്പോര്‍ട്ട് എന്നിവയില്ലാതെയുമാണ് ഏറിയ പങ്ക് വായ്പകളും നല്‍കിയിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2004മുതല്‍ 2016 കാലയളവില്‍ ജയിംസ് ആന്റണി ബാങ്ക് പ്രസിഡന്റ് ആയിരിക്കെ സ്വന്തം ആവശ്യത്തിനാണ് ഈ വായ്പ്പ തരപ്പെടുത്തിയത്. വായ്പ തട്ടിയെടുത്തവര്‍ പലിശ ഉള്‍പ്പെടെ 103808931 രൂപ കുടിശ്ശിക വരുത്തിയിട്ടും ബാങ്ക് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ 8 കോടി രൂപ നഷ്ടത്തില്‍ ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധി നേരിടുമ്പോളാണ് ഈ പണാപഹരണം നടന്നിട്ടുള്ളത്. സഹകരണബാങ്കുകളുടെ പ്രവര്‍ത്ത മികവിനായിയുള്ള വകുപ്പിന്റെ പ്രധാനപ്പെട്ട 36 നിര്‍ദ്ദേശങ്ങളും മൂന്നിലവ് ബാങ്ക് പാലിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here