സംസ്ഥാനത്ത് പുതിയ ബാറുകൾ തുറക്കില്ല; സുപ്രീംകോടതി നടപടി മറികടക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ ബാറുകൾ തുറക്കാൻ ഏതൊരു നടപടിയും സർക്കാർ സ്വീകരിക്കുകയില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. ബാറുകളുടെ വിഷയത്തിൽ സുപ്രീം കോടതി വിധി മറികടക്കുന്നതിന് സർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.

എന്നാൽ സംസ്ഥാന സർക്കാർ കേരളത്തിൽ മദ്യം ഒഴുക്കുകയാണെന്നും കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം പുതിയ മദ്യനയം പ്രഖ്യാപിച്ച് സംസ്ഥാനത്ത് വ്യാപകമായി ബാറുകൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

UDf സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് പുതിയ മദ്യനയം പ്രഖ്യാപിച്ച്, സുപ്രീം കോടതി വിധിയുടെ മറവിൽ സർക്കാർ സംസ്ഥാനത്ത് വ്യാപകമായി മദ്യഷോപ്പുകൾ അനുവദിക്കുകയാണെന്നും സർക്കാരിന് ബാർ ഉടമകളുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ആരോപിച്ച് കെ.സി.ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സർക്കാർ അധികാരത്തിലെത്തിയാൽ ബാറുകൾ എല്ലാം തുറന്നുകൊടുക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയിരുന്നുവെന്ന ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ എന്ത് കൊണ്ട് കോടിയേരി പ്രതികരിച്ചില്ലെന്ന് കെ.സി ജോസഫ് ചോദിച്ചു.

മദ്യഷാപ്പുകൾ തുറക്കുന്നതിനായി കേരള സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണ് സുപ്രീം കോടതിയുടേത്. മദ്യ മുതലാളിമാരുമായി സർക്കാരിന് അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടെന്നും സർക്കാരിന്റെ നിലപാടിൽ സംശയങ്ങൾ ഉണ്ടെന്നും കെ.സി ജോസഫ് ആരോപിക്കുകയായിരു ന്നു.എന്നാൽ കെ.സി.ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നോട്ടീസിന് മറുപടി പറഞ്ഞ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.

ബാർ വിഷയത്തിൽ സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ ഏതൊരു ശ്രമവും നടത്തിയിട്ടില്ല. സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോൾ മാത്രമാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സംസ്ഥാനത്ത് പുതുതായി മദ്യഷോപ്പുകൾ തുറക്കുകയില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണൻ സഭയിൽ ആവർത്തിച്ച് ഉറപ്പു നൽകി.
മദ്യനയത്തിന്റെ കാര്യത്തിൽ മുൻ സർക്കാരുകൾ സ്വീകരിച്ചതു പോലെ ചില പ്രയോഗിക നിലപാടുകൾ ഈ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബാർ മുതലാളിമാർക്ക് അനുകൂലമായ വിധി വാങ്ങിച്ചെടുക്കാൻ അനുയോജ്യമായി സർക്കാർ ‘ കോടതിയിൽ അഭിപ്രായം അറിയിക്കുകയായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു.ജനങ്ങളെ കൂടുതൽ മദ്യപാനികളാക്കുന്നതാണ് സർക്കാരിന്റെ മദ്യനയം. സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുന്നു. കേരളത്തിൽ മദ്യം ഒഴുക്കാനാണ് സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

പഞ്ചായത്തുകൾ തോറും ബാറുകൾ തുറക്കാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേ സമയം അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here