കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് നാലാമത്തെ കേസിലും കുറ്റക്കാരന്‍; ശിക്ഷാ വിധി വെള്ളിയാഴ്ച

പാട്‌ന: കാലിത്തീറ്റ കുംഭകോണം അഴിമതിയിലെ നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.

ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതി വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ജനുവരി ആറിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

നിലവില്‍ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാരോഗ്യ വിഭാഗത്തിന് കീഴില്‍ ലാലു പ്രസാദ് നിരീക്ഷണത്തിലാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News