സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ പടപ്പുറപ്പാട്; ചണ്ഡിഗഡിനെ ഗോള്‍മ‍ഴയില്‍ മുക്കി ഗംഭീരവിജയം

സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ റൗണ്ടിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന്‍റെ ഗോള്‍ മ‍ഴ. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടന്ന തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്‍റെ അവസാന മിനിറ്റിലാണ് ചാണ്ഡീഗഡിന്‍റെ ആശ്വാസഗോള്‍ പിറന്നത്.

പതിനൊന്നാം മിനിട്ടില്‍ ചണ്ഡിഗഢിന്‍റെ ഗോള്‍വല ചലിപ്പിച്ച എം എസ് ജിതിന്‍ കേരളത്തിന്‍റെ അക്കൗണ്ട് തുറന്നു. അല്‍പ്പസമയത്തിനകം സജിത്ത്പൗലോസ് സജിത്ത് പൗലോസ് രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ മത്സരം കേരളത്തിന്‍റെ കൈയിലൊതുങ്ങി.

രണ്ട് ഗോളിന്‍റെ ലീഡുമായി ഇടവേള ക‍ഴിഞ്ഞെത്തിയ കേരളം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വി കെ അഫ്ദാലിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു കേരളത്തിന്‍റെ മൂന്നാം ഗോള്‍.

തൊട്ടുപിന്നാലെ ആദ്യപകുതിയില്‍ ഗോളടിമേളത്തിന് തുടക്കമിട്ട ജിതിന്‍ രണ്ടാം ഗോളിലൂടെ കേരളത്തിന്‍റെ ജയമുറപ്പിച്ചു. പകരക്കാരനായിറങ്ങിയ വി എസ് ശ്രീക്കുട്ടന്‍ 77ാം മിനിട്ടില്‍ കേരളത്തിന്‍റെ അഞ്ചാം ഗോള്‍ വലയിലെത്തിച്ചു. കളിയുടെ അവസാന നിമിഷം വിശാല്‍ ശര്‍മയാണ് ചണ്ഡീഗഡിന്‍റെ ആശ്വാസഗോള്‍ നേടിയത്.

പ്രാഥമിക റൗണ്ടില്‍ കേരളത്തെ ഗ്രൂപ്പ് ജേതാക്കളാക്കിയ അറ്റാക്കിങ് ഫോര്‍മേഷന്‍ തന്നെയാണ് ഫൈനല്‍ റൗണ്ടുകളിലും പരിശീലകന്‍ സതീവ് ബാലന്‍ ഉപയോഗിച്ചത്. ആതിഥേയരായ ബംഗാളും വടക്ക് കിഴക്കന്‍ ശക്തികളായ മണിപ്പൂരുമാണ് അടുത്ത മത്സരങ്ങളില്‍ കേരളത്തിന്‍റെ എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ പശ്ചിമബംഗാള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മണിപ്പൂരിനെ കീഴടക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel