ഇഫ്റ്റാസിന് നല്‍കിയ കരാറില്‍ അവ്യക്തതയെന്ന് പ്രതിപക്ഷം; മറുപടിയുമായി മുഖ്യമന്ത്രി പിണറായിയും മന്ത്രി കടകംപള്ളിയും

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ കോര്‍ ബാങ്കിങ് സംവിധാനത്തിന് സോഫ്ട് വെയര്‍ തയ്യാറാക്കുന്നതിന് കരാര്‍ നല്‍കിയ കമ്പനി, റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ സബ്‌സിഡറി കമ്പനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇഫ്റ്റാസ് എന്ന കമ്പനിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ കരാറില്‍ അവ്യക്തതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് നിയമസഭയില്‍ മറുപടി റയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാണെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സഭയെ അറിയിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കുന്നതിനായി ഏകീകൃത സോഫ്റ്റുവെയര്‍ തയ്യാറാക്കുന്നതിന് ഇഫ്റ്റാസ് എന്ന കമ്പനിക്ക് 160 കോടി രൂപയുടെ കരാര്‍ നല്‍കിയത് സംശയമുളവാക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷമാണ് വിഷയം സഭയില്‍ കൊണ്ടുവന്നത്.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ഇഫ്റ്റാസ് എന്ന കമ്പനിയ്ക്ക് 160 കോടിയുടെ കരാര്‍ നല്‍കിയതില്‍ ഗുരുതര വീഴ്ചയുണ്ട്. ഇത് സ്വജനപക്ഷപാതമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആര്‍ബിഐയുടെ ഉപകമ്പനിയാണ് ഇഫ്ടാസ് എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

എന്നാല്‍ കമ്പനിയുടെ പേരില്‍ യോഗങ്ങളില്‍ പങ്കെടുത്ത പ്രശാന്ത് നമ്പ്യാര്‍ ആരാണെന്ന് ചോദിച്ച് കരാറിലെ സംശയം ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജിയുടെ ഉപകമ്പനിയാണ് ഇഫ്ടാസെന്ന വസ്തുത സര്‍ക്കുലര്‍ വായിച്ച് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഏതോ ഒരു നമ്പ്യാരുടെ പേരുപറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതാണ് വസ്തുതയെങ്കില്‍ പോലും കരാര്‍ നല്‍കുന്നതിലെ നടപടി ക്രമങ്ങള്‍ പാലിക്കാത്തെന്താണെന്ന് പിന്നേട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ചോദിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്റ് അലയന്‍സ് സര്‍വ്വീസിന് നല്‍കിയ കരാര്‍ സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News