ഒത്തുകളി വിവാദത്തില്‍ സൗരവ് ഗാംഗുലിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ഒരു കാലത്ത് ആടിയുലഞ്ഞത് ഒത്തുകളി കോഴ വിവാദങ്ങലിലായിരുന്നു. മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനും അജയ് ജഡേജയും നയന്‍മോംഗിയയും മനോജ് പ്രഭാകറുമെല്ലാം പടിക്ക് പുറത്തായതും ഒത്തുകളി വിവാദത്തെതുടര്‍ന്നായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ ഏറ്റവും മോശം കാലവസ്ഥയിലൂടെ കടന്നുപോയതും അക്കാലത്തായിരുന്നു. ഒത്തുകളി കോഴ വിവാദങ്ങളില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. ദാദയെന്ന വിളിപ്പേര് നല്‍കി ആരാധകരും സഹതാരങ്ങളും ഗാംഗുലിയെ സ്‌നേഹിച്ചതിന് പിന്നിലും മറ്റൊന്നുമല്ല.

ഇപ്പോഴിതാ ഗാംഗുലിയുടെ പേരും ഒത്തുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിലാണ് സൗരവിന്റെ പേരും പരാമര്‍ശിക്കുന്നത്.

ഷമി ഒത്തുകളിക്കാരനാണെന്നതടക്കമുള്ള കാര്യങ്ങള്‍ താന്‍ ആദ്യം പങ്കുവെച്ചത് ഗാംഗുലിയോടായിരുന്നെന്നാണ് ഹസിന്റെ പുതിയ വെളിപ്പെടുത്തല്‍. മാധ്യമങ്ങളുടെ മുന്നില്‍ തെളിവുകള്‍ പുറത്തുവിടുന്നതിനുമുമ്പ് ഗാംഗുലിയെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും അവര്‍ പറയുന്നു.

എന്നാല്‍ നാളിതുവരെ ഗാംഗുലിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും തിരിച്ചുവിളിക്കാമെന്ന വാക്കുപോലും അദ്ദേഹം പാലിച്ചില്ലെന്നും ഹസിന്‍ പറയുന്നു.

കൊല്‍ക്കത്ത സ്വദേശിനിയായതിനാല്‍ തന്നെ ഗാംഗുലിയുമായി അടുത്ത പരിചയമുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതും സമീപിച്ചതും. വിഷയം കുടുംബ വഴക്കാണെന്ന് മാത്രം കരുതിയതിനാലാകാം ഗാംഗുലി തിരിച്ചുവിളിക്കാത്തതെന്നും ഹസിന്‍ പറയുന്നു.

എന്നാല്‍ ഹസിന്റെ ആരോപണങ്ങള്‍ ഗാംഗുലിയെയും പ്രതിരോധത്തിലാക്കുകയാണ്. ഷമിയെക്കുറിച്ച് ഭാര്യ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടും അതില്‍ ഒത്തുകളിയടക്കമുള്ള ആരോപണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഇതെക്കുറിച്ച് പ്രതികരിക്കാത്തതെന്ന ചോദ്യം ഗാംഗുലി വിരുദ്ദര്‍ ഉന്നയിക്കുന്നുണ്ട്.

ഷമിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് ബിസിസിഐയോട് മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഗാംഗുലിയാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ഗാംഗുലി ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here