രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ്ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതമകളെയും വെല്ലുവിളിച്ച് അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം എഴുപത്തിയഞ്ചാം വയസ്സിലാണ് വിടവാങ്ങിയത്. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരടക്കം വിപുലമായ സൗഹൃദ ബന്ധത്തിനുടമമാണ് ടി.ആര്‍ ചന്ദ്രദത്ത്.
തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എന്‍ജിഒ യൂണിയന്‍റെയും, കെജിഒയുടെയും ജില്ലാ ഭാരവാഹിയായും, എഫ്എസ്ഇടിഒയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാട്ടിക മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്ത നേതാക്കളിലൊരാളും പാര്‍ടി പൊന്നാനി താലൂക്ക് സെക്രട്ടറിയുമായിരുന്ന ടി കെ രാമന്‍്റെയും ഇ. ആര്‍ കുഞ്ഞിപ്പെണ്ണിന്‍്റെയും മകനാണ്.
വലപ്പാട് സ്കൂളില്‍ പഠിക്കുമ്പോള്‍ വിമോചന സമരത്തിനെതിരെ പ്രകടനം നടത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദ്ദനത്തിരയായി. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു. എഞ്ചിനിയിറിങില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ നേടിയ അദ്ദേഹത്തിന്, താന്‍ പഠിച്ച ശ്രീരാമ പോളി ടെക്നിക്കില്‍ തന്നെ 1969ല്‍ തല്‍കാലിക അധ്യാപകനായി ജോലി ലഭിച്ചു.
1972ല്‍ ജോലി സ്ഥിരമായി സര്‍ക്കാര്‍ സര്‍വീസിന്‍്റെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വീട്ട് സര്‍വീസ് സംഘടന നേതാവായി. 1973ല്‍ 64 നാള്‍ നീണ്ട ജീവനക്കാരുടെയും അധ്യപാകരുടെയും സമരത്തിന്‍്റെ നേതൃനിരയില്‍ ചന്ദ്രദത്തുണ്ടായി. 1998ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം വീണ്ടും സിപിഐ എമ്മില്‍ സജീവമായി. ഇപ്പോഴും സിപിഐ എം അംഗമായിരുന്നു.
സര്‍വീസിലിരിക്കെ 1996ല്‍ നാവില്‍ കാന്‍സര്‍ ബാധിച്ച് ശസ്ത്രക്രിയക്കു വിധേയനായതിനെ തുടര്‍ന്ന് നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം 22 വര്‍ഷമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് ചന്ദ്രദത്ത്് ജീവിച്ചത്. 35-ാം വയസുമുതല്‍ ഹൃദ്രോഗിയുമായ ദത്തുമാഷിന്‍്റെ ജീവിതം മെഡിക്കല്‍ സയന്‍സിനു പോലും അത്ഭുതം പകര്‍ന്നതാണ്.
1985ല്‍ തൃശൂര്‍ ആസ്ഥാനമായി മുന്‍ മുഖ്യമന്ത്രി സി അച്യൂതമേനോന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച കോസ്റ്റ്ഫോര്‍ഡ് എന്നു ചുരുക്കപ്പേരുള്ള സെന്‍്റര്‍ ഓഫ് സയന്‍സ് ആന്‍്റ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍് എന്ന സ്ഥാപനത്തില്‍ തുടക്കം മുതല്‍ തന്നെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇക്കാലമത്രയും ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നത്. ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണം, സ്ത്രീ ശാക്തീകരണം, തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിന്‍്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ്ഫോര്‍ഡ് നല്‍കിയത്.
തളിക്കുളം വികാസ് ട്രസ്റ്റിന്‍്റെ ചെര്‍മാനുമാണ്. ഇഎംഎസിന്‍്റെ ജന്മദിനത്തോടനുബന്ധിച്ച് 19 വര്‍ഷമായി തൃശൂരില്‍ നടന്നുവരുന്ന ദേശീയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംവാദ പരിപാടിയായ ഇഎംഎസ് സ്മൃതിയുടെ മുഖ്യസംഘാടകനാണ്. നാട്ടുകാര്‍ക്കെല്ലാം ദത്ത് മാഷ് എന്ന പേരില്‍ സുപരിചിതനായ ചന്ദ്രദത്തിന് പുസ്തക രചനയും വായനയും ജീവചര്യ തന്നെയായിരുന്നു. ക്യാന്‍സര്‍ ബാധിതനായ ശേഷം പത്ത് പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനുമായി അടുത്ത സൗഹൃദമാണ് ചന്ദ്രദത്തിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, തോമസ് ഐസക്, ജയറാം രമേശ് തുടങ്ങി വലിയ സുഹൃദ് വലയവും അദ്ദേഹത്തിനുണ്ട്. റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുമ്പോഴും പെന്‍ഷന്‍ തുക മുഴുവനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം വിനിയോഗിച്ചത്. ആരോഗ്യപരമായ നിവരധി വെല്ലുവിളികളെ നിഷ്പ്രഭമാക്കി ഒട്ടേറെ തവണ ശസ്ത്രക്രീയകള്‍ക്ക് വിധേയനായ ശേഷമാണ് ടി.ആര്‍ ചന്ദ്രദത്ത് എന്ന പ്രതിഭയുടെ വിയോഗം. കൈരളി ടി.വി ഡയറക്ടറും, പു.കസ ട്രഷറുമായ ടി.ആര്‍ അയജന്‍ സഹോദരനാണ്.
ഏഴ് മണി മുതല്‍ തളിക്കുളത്തെ വീട്ടിലും, ഉച്ചയ്ക്ക് ഒരു മണിയോടെ കോസ്റ്റ് ഫോര്‍ഡ് ആസ്ഥാനത്തും പൊതു ദര്‍ശനം നടക്കും . ശേഷം അഞ്ച് മണിക്ക് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here