രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കിസാന്‍ സഭ; ആഗസ്‌ത് 9ന് ജയിൽനിറയ്ക്കൽ സമരം

ന്യൂഡൽഹി : മോദിസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. കർഷകർക്ക് വായ്പായിളവ് അനുവദിക്കുക, സ്വാമിനാഥൻ കമ്മിറ്റി ശുപാർശപ്രകാരം ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്തുകോടി ഒപ്പ് ശേഖരിച്ച് സർക്കാരിന് നിവേദനം നൽകും.

ആഗസ്ത് ഒമ്പതിന് ജില്ലാ കലക്ടർമാർക്ക് ഒപ്പുകൾ കൈമാറി കിസാൻസഭ പ്രവർത്തകർ ജയിൽനിറയ്ക്കൽ സമരം സംഘടിപ്പിക്കും. ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ കിസാൻ കൗൺസിലാണ് പ്രക്ഷോഭ തീരുമാനമെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയിൽ കർഷകർക്കുനേരെ സംഘപരിവാർ വ്യാപക ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഏപ്രിൽ ആദ്യം ത്രിപുര ഐക്യദാർഢ്യവാരമായി ആചരിക്കും. രാജ്യവ്യാപകമായി ഐക്യദാർഢ്യപരിപാടി സംഘടിപ്പിക്കുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള അറിയിച്ചു. ഏപ്രിൽ 11ന് കിസാൻസഭ സ്ഥാപകദിനം രാജ്യവ്യാപകമായി ആചരിക്കും.

ഗോസംരക്ഷണത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങൾക്കും കന്നുകാലിക്കർഷകർക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തും. പെഹ്ലുഖാനെ സംഘപരിവാർ കൊലപ്പെടുത്തിയതിന്റെ ഒന്നാംവാർഷികമായ ഏപ്രിൽ മൂന്നിന് ഡൽഹിയിൽ അനുസ്മരണപരിപാടി സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സെപ്തംബറിൽ കർഷകരും തൊഴിലാളികളും സംയുക്തമായി ഡൽഹിയിൽ റാലി സംഘടിപ്പിക്കും.

ഒപ്പുശേഖരണപരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ കർഷകരെയും സമീപിക്കാനാണ് ശ്രമമെന്ന് ഹന്നൻ മൊള്ള പറഞ്ഞു. വായ്പായിളവിന്റെ കാര്യത്തിലും കുറഞ്ഞ താങ്ങുവിലയുടെ കാര്യത്തിലും നിർണായകമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.

കർഷക കടാശ്വാസപദ്ധതി മോഡിസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കിസാൻസഭ പ്രക്ഷോഭത്തെതുടർന്ന് മഹാരാഷ്ട്ര സർക്കാർ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിനുള്ള ചെലവ് പൂർണമായും സംസ്ഥാനം വഹിക്കണമെന്നും കേന്ദ്രം അഞ്ചുപൈസ തരില്ലെന്നുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത്. കോർപറേറ്റുകളുടെ കിട്ടാക്കടം 12 ലക്ഷം കോടിയോളം രൂപയാണ്.

ഇത് തിരിച്ചുപിടിക്കാൻ ഒരു ആത്മാർഥതയും കാട്ടാത്ത സർക്കാരാണ് കർഷകർക്ക് ഒരു പൈസപോലും അനുവദിക്കില്ലെന്ന് ധിക്കാരത്തോടെ പ്രഖ്യാപിക്കുന്നത്‐ കിസാൻസഭ നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News