പിതാവിന്‍റെ സൃഷ്ടികൾക്കു മേലുള്ള അവകാശം തനിക്കും തന്റെ കുടുംബത്തിനും മാത്രം; ഇന്ത്യൻ പകര്‍പ്പവകാശ നിയമം അസംബന്ധമെന്ന് അമിതാഭ് ബച്ചൻ

ഇന്ത്യൻ പകർപ്പവകാശ നിയമത്തെ നിശിതമായി വിമർശിച്ചു സൂപ്പർ താരം അമിതാഭ് ബച്ചൻ രംഗത്തു. പകർപ്പവകാശ നിയമത്തിലെ എഴുത്തുകാരൻ മരിച്ച്‌ 60 വർഷം കഴിയുമ്പോൾ പകർപ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെയാണ് ബച്ചൻ ബ്ലോഗിലൂടെ പ്രതികരിച്ചിരിക്കുന്നത്.

തന്റെ പിതാവും കവിയുമായ ഹരിവംശിറായ്‌ ബച്ചന്റെ സൃഷ്ടികൾക്കു മേലുള്ള അവകാശം തനിക്കും തന്റെ കുടുംബത്തിനും മാത്രമാണെന്നാണ് ബിഗ് ബിയുടെ വാദം.

അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ 2003-ലും അമ്മ തേജി ബച്ചന്‍ 2007-ലുമാണ് അന്തരിച്ചത്. 75 -കാരനായ ബിഗ് ബി നിരന്തരമായി ബ്ളോഗ് എഴുതുകയും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും സമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ പകർപ്പവകാശ നിയമപ്രകാരം 2063ൽ മാത്രമേ ഹരിവംശിറായ്‌ ബച്ചന്റെ കൃതികൾ പകർപ്പവകാശ സ്വതന്ത്രമാകുകയുള്ളൂ.

ഭേദഗതി ചെയ്യപ്പെട്ട 1957ലെ പകർപ്പവകാശ നിയമം അനുസരിച്ച്‌ എല്ലാ കലാ‐സാഹിത്യ സൃഷ്‌ടികളുടെയും പകർപ്പവകാശം സൃഷ്‌ടാവിന്റെ മരണത്തിന്‌ ശേഷം 60 വർഷം കഴിയുമ്പോൾ സ്വതന്ത്രമാകും. ഈ പകർപ്പവകാശ നിയമത്തെയാണ് ബച്ചൻ തന്റെ ബ്ലോഗിലൂടെ ചോദ്യം ചെയ്‍തിരിക്കുന്നത്. ഒരു വ്യക്തിയുടെ കലാപരമോ സാഹിത്യപരമോ ആയ സൃഷ്ടിയുടെ അവകാശം അയാളുടെ മരണ ശേഷം നിശ്ചിത കാലവുധി കഴിഞ്ഞാൽ സ്വാതന്ത്രമാകുമെന്നതാണ് അമിതാഭിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ആരാണ്‌ 60 വർഷത്തെ എന്ന കാലാവധി നിർണയിച്ചതെന്നും തന്റെ പാരമ്പര്യസ്വത്ത്‌ തന്റേത് മാത്രമായിരിക്കണമെന്നും ബച്ചൻ ജോധ്പൂരിൽ നിന്നും വെളുപ്പിന് ഒരു മണിക്ക് പോസ്റ്റ് ചെയ്ത ബ്ലോഗിലൂടെ പറയുന്നു. 60 വർഷം എന്ന നിശ്‌ചിത കാലയളവിനുശേഷം അതു മറ്റൊരാളുടേതാകാൻ പാടില്ലന്നും ബോളിവുഡ് സൂപ്പർ താരം വാദിക്കുന്നു. “ഞാൻ എന്റെ അച്ഛന്റെ മകനാണ്‌.

അദ്ദേഹം എനിക്കാണ്‌ അദ്ദേഹത്തിന്റെ എല്ലാ സ്വത്തിനു മേലും അവകാശം നൽകിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ സൃഷ്‌ടികൾ എന്റേതുമാത്രമായിരിക്കട്ടെ… എന്റേതുമാത്രം! അവ പൊതുസ്വത്താക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല.” പകർപ്പവകാശ നിയമം ശുദ്ധ അസംബന്ധമാണെന്നും ബോളിവുഡിലെ ഒരു കാലത്തെ രോഷാകുലനായ നായകൻ തന്റെ ബ്ലോഗിലൂടെ ആഞ്ഞടിച്ചു.

കലയും സാഹിത്യവുമെല്ലാം പൊതു താല്പര്യമുള്ള സാമൂഹികമായ ഉൽപ്പന്നമാണെന്നിരിക്കെ സൃഷ്ടികളെ സ്വകാര്യ സ്വത്തായി മാത്രം നിലനിർത്തുന്നതിനു തുല്യമായ നീണ്ട പകർപ്പവകാശ കാലാവധി ആവശ്യമില്ലെന്ന വാദവും ശക്തമായിരിക്കെയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത ബച്ചന്റെ പുതിയ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News