മിസൈല്‍ വേഗത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍; 151 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് അത്ഭുതകുതിപ്പ്; ചാഹലും കാര്‍ത്തികും ധവാനും മുന്നേറി

ശ്രീലങ്കന്‍ മണ്ണില്‍ അരങ്ങേറിയ ആദ്യ ഏഷ്യന്‍ ടി ട്വന്റി ടൂര്‍ണമെന്റില്‍ കിരീടം നേടിയതിന്റെ ആവേശം അവസാനിക്കുന്നതിനുമുമ്പെ ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ടി ട്വന്റി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ അത്ഭുത കുതിപ്പാണ് നടത്തിയത്.

ടൂര്‍ണമെന്റിന്റെ കണ്ടെത്തലായി വിലയിരുത്തപ്പെടുന്ന യുവ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റാങ്കിംഗില്‍ നടത്തിയ മുന്നേറ്റത്തെ മിസൈല്‍ വേഗമെന്നാണ് കായികലോകം വിലയിരുത്തുന്നത്.

ഒറ്റയടിക്ക് 151 സ്ഥാനങ്ങള്‍ മുന്നോട്ടു കയറിയെത്തിയ സുന്ദര്‍ 31ാം സ്ഥാനത്തെക്കാണ് കുതിച്ചെത്തിയത്. എട്ടു വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ സീരീസ് പട്ടം സ്വന്തമാക്കിയതും മറ്റാരുമായിരുന്നില്ല.

റിസ്റ്റ് സ്പിന്നര്‍ ചാഹല്‍ നടത്തിയ മുന്നേറ്റമാണ് മറ്റൊരു സന്തോഷ വാര്‍ത്ത. കരിയറിലെ ഏറ്റവും മികച്ച കുതിപ്പാണ് ചാഹല്‍ നടത്തിയത്. 8 വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹല്‍ 12 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനം പിടിച്ചെടുത്തു. കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് ചാഹല്‍ സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ 7 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്ട് 26 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52 ാംസ്ഥാനത്തെത്തി. കലാശക്കളിയില്‍ അത്ഭുതം കാട്ടി കിരീടം ഇന്ത്യക്ക് സമ്മാനിച്ച ദിനേഷ് കാര്‍ത്തികാകട്ടെ 31 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മറികടന്നത്. 126ാം സ്ഥാനത്തായിരുന്ന കാര്‍ത്തിക് 95ാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും നില മെച്ചപ്പെടുത്തി. ധവാന്‍ 11 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 17ാം സ്ഥാനത്താണിപ്പോള്‍. അതേസമയം ടി ട്വന്റി റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പാകിസ്ഥാനും ഓസ്‌ട്രേലിയയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News