ക്രിമിനൽ കോടതി അലക്ഷ്യനടപടി; ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിര്‍ദ്ദേശം

ക്രിമിനൽ കോടതി അലക്ഷ്യ നടപടികളുടെ ഭാഗമായി ഡി ജി പി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി ജേക്കബ് തോമസിന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു . ജേക്കബ് തോമസിനെതിരെ സമർപ്പിക്കപ്പെട്ട ക്രമിനൽ കോടതി അലക്ഷ്യ ഹർജിയിലാണ് നടപടി .

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വിജിലൻസ് കമ്മീഷന് പരാതി അയച്ചതും അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതും കോടതി അലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. ഏപ്രിൽ 2 ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. തുടർ നടപടികളിൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു .

ഹൈക്കോടതി അഭിഭാഷകൻ മൻസൂറാണ് ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് പരാതി നൽകിയത്. ജഡ്ജിമാർക്ക് ഭരണഘടന നൽകുന്ന പരിരക്ഷയിലുള്ള ഇടപെടലാണ് ജേക്കബ് തോമസിന്റേ നടപടി . അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഹർജിയിൽ ആരോപിക്കുന്നു . ഹൈക്കോടതി രജിസ്ട്രാർ പരാതി തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു .

ഇതിനെ തുടർന്നാണ് കോടതി നടപടികളിലേക്ക് കടന്നത് . ജസ്റ്റിസ് പി ഉബൈദ് , ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവർക്കെതിരെയായിരുന്നു ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷന് കത്തയച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News