പ്രതിഷേധങ്ങള്‍ ഫലം കാണുന്നു; ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനത്തിന്‍റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും; കായികമന്ത്രി ഇടപെടുന്നു

ഇന്ത്യ വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനത്തിന്‍റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേണ്ടിവന്നാല്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി മൊയ്തീന്‍ വ്യക്തമാക്കി. കെ സി എ, കെ എഫ് എ , ജിസിഡിഎ ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഫുട്ബോള്‍ ടര്‍ഫിന് കേടുവരുത്തുന്ന തീരുമാനമൊന്നുമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് സര്‍ക്കാരിന് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്ന് കെ സി എ ഭാരവാഹികളും അറിയിച്ചു. വിവാദത്തിനില്ലെന്നും തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറാണെന്നും ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ വ്യക്തമാക്കി.

നേരത്തെ ഇയാന്‍ ഹ്യൂം, ഐ എം വിജയന്‍, സി കെ വിനീത് തുടങ്ങി നിരവധി താരങ്ങളും പ്രമുഖരും കൊച്ചിയിലെ ഫുട്ബോള്‍ മൈതാനം നശിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News