കാല്‍പ്പന്തുലോകത്തിന്‍റെ നെറുകയില്‍ ക്രിസ്റ്റ്യാനോ; ആര് തകര്‍ക്കും ഈ റെക്കോര്‍ഡ്; മെസിയടക്കമുള്ളവര്‍ ഒരുപാട് കാതം പിന്നിലാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി നിറഞ്ഞാടിയ മത്സരത്തിൽ സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് കൂറ്റൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ ജിറോണയെ മൂന്നിനെതരെ ആറു ഗോളിനാണ് റയൽ തകർത്തത്. അതിൽ നാലും റൊണാൾഡോ സ്വന്തം പേരിൽ ചേർത്തു. ഒന്നിന് വഴിയൊരുക്കി. ലൂകാസ് വാസ്ക്വെസും ഗാരെത് ബെയ്ലും റയലിന്റെ ഇതരഗോളുകൾ നേടി. ജിറോണയ്ക്കുവേണ്ടി ക്രിസ്ത്യൻ സ്തുവാനി രണ്ടും ജുവാൻപെ ഒന്നും ഗോളടിച്ചു.

ജിറോണയ്ക്കെതിരെ നേടിയ നാലു ഗോളോടെ കളിജീവിതത്തിൽ ഹാട്രിക്കുകളുടെ അരസെഞ്ചുറി തികച്ചു റൊണാൾഡോ. സ്പാനിഷ് ലീഗിൽ മാത്രം 34 തവണ. ഈ പട്ടികയിൽ ബാഴ്സലോണയുടെ ലയണൽ മെസിയെക്കാൾ ആറെണ്ണം കൂടുതൽ. ടെൽമോ സാറ (23), ആൽഫ്രെഡൊ ഡി സ്റ്റെഫാനോ (22) എന്നിവരാണ് പട്ടികയിൽ പിന്നീടുള്ളവർ. റയലിനുവേണ്ടി മാത്രം 44ഉം രാജ്യത്തിനുവേണ്ടി അഞ്ചും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നും ഹാട്രിക് നേടി ഈ പോർച്ചുഗീസുകാരൻ.

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ കെട്ടുകെട്ടിച്ച് ക്വാർട്ടർ ഉറപ്പിച്ച റയൽ സ്പാനിഷ് ലീഗിലും അതേ പ്രകടനം തുടരുകയായിരുന്നു. ജിറോണയ്ക്കെതിരെ പക്ഷേ, ആക്രമണത്തിനായി തുനിഞ്ഞിറങ്ങിയപ്പോൾ പ്രതിരോധം പലകുറി തകർന്നു. ഇതു മുതലാക്കി എതിരാളികൾ മൂന്നുതവണ വലകുലുക്കുകയുംചെയ്തു. കാര്യമുണ്ടായില്ല, അപ്പോഴേക്കും റയൽ ജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

പതിനൊന്നാം മിനിറ്റിലാണ് റൊണാൾഡോയുടെ ബൂട്ട് ആദ്യം നിറയൊഴിച്ചത്. ടോണി ക്രൂസ് വഴിയൊരുക്കി. കരിം ബെൻസെമയുടെ ത്രൂപാസിൽനിന്ന് ഇടവേളയ്ക്കുശേഷം രണ്ടാമത്തെ ഗോളും വന്നു. കളി മണിക്കൂർ പിന്നിട്ടപ്പോൾ റൊണാൾഡോ ഹാട്രിക് തികച്ചു. പരിക്കുസമയത്ത് ടോണി ക്രൂസ്തന്നെ ലോകഫുട്ബോളർക്ക് നാലാം ഗോളിനുള്ള പന്തുമെത്തിച്ചു. ഇടയിൽ വാസ്ക്വെസിന് ഗോളടിക്കാൻ തളികയിലെന്നപോലെ പന്തുനൽകി റൊണാൾഡോ. കളിയവസാനിക്കാൻ നാലുമിനിറ്റ് ശേഷിക്കെ ഗാരെത് ബെയ്ലിന്റെ സുന്ദരഗോളും വന്നു.

ഹാട്രിക് പ്രകടനത്തോടെ ലീഗിലെ ഗോളടിക്കാരുടെ പട്ടികയിൽ റൊണാൾഡോ രണ്ടാംപടിയിലെത്തി. 22 ഗോളാണ് റൊണാൾഡോയ്ക്ക് അതിൽ 17ഉം അവസാന എട്ടു കളിയിൽനിന്ന്. 25 ഗോളുമായി ലയണൽ മെസിയാണ് പട്ടികയിൽ ഒന്നാമത്.

ജയത്തോടെ പട്ടികയിൽ 29 കളിയിൽ 60 പോയിന്റായി റയലിന്. വിയ്യാ റയലിനോട് തോറ്റ (2‐1) അത്ലറ്റികോ മാഡ്രിഡ് രണ്ടാംപടിയിൽ 64 പോയിന്റിൽ തുടർന്നു. അത്ലറ്റികോ ബിൽബാവോയെ 2‐0നു മടക്കിയ ബാഴ്സലോണയ്ക്ക് ഇതോടെ ഒന്നാംപടിയിൽ 11 പോയിന്റിന്റെ ലീഡായി. പാകോ അൽകാസെറും ലയണൽ മെസിയും ബാഴ്സയ്ക്കുവേണ്ടി വലകുലുക്കി. ജയത്തോടെ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ബാഴ്സ സ്പാനിഷ് കിരീടമുറപ്പിക്കുകയുംചെയതു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News