നിയമസഭാ സാമാജികരുടെയും മുന്‍ സാമാജികരുടെയും ശമ്പളവും ആനുകൂല്യവും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് സ്പീക്കര്‍

സംസ്ഥാനത്ത് നിയമസഭാ സാമാജികരുടയും മുന്‍ സാമാജികരുടെയും ശമ്പളവും ആനുകൂല്യവും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.എംഎല്‍എമാരെ ദുസ്വാധീനത്തിലേക്ക് നയിക്കാതിരിക്കാന്‍ ശമ്പള-ആനുകൂല വര്‍ദ്ധനവ് സഹായകരമാകുമെന്നും സ്പീക്കര്‍ നിയമസഭയില്‍ വ്യക്തമാക്കി.

സംസ്ഥാന മന്ത്രിമാരുടെയും എം എൽ എ മാരുടെയുമടക്കം ശമ്പളവും ബത്തകളും വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്യുന്ന 2018 ലെ ശമ്പളവും ബത്തകളും നൽകൽ ഭേദഗതി ബില്ലിന്‍റെ അവതരണവേളയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

മന്ത്രിമാരുടെ ശമ്പളം 90,367 രൂപയായും , എം എൽ എ മാരുടെ ശമ്പളം 70,000 രൂപയായും ഉയർത്താൻ ശുപാർശ ചെയ്യുന്നതാണ് സബ് ജക്ട് കമ്മിറ്റിയ്ക്ക് വിട്ട ബിൽ.മുൻ എംഎൽഎമാർക്ക് പെൻഷൻ വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്യുന്ന ബില്ലും സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.

അതേസമയം ബില്ലിനെ കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എ.കെ.ബാലനും അരാഷ്ട്രീയവാദികളാണ് ബില്ലിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്വത്ത് ,ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് നിന്ന് വീതിച്ചെടുക്കുന്നു.നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ധനയിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നു.എന്നിങ്ങനെയുള്ള പ്രചരങ്ങളാണ് 2018 ലെ ശമ്പളവും ബത്തകളും നൽകൽ ഭേദഗതി ബില്ലിനെ കുറിച്ച് വിവിധ തലങ്ങളില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.

ഇത് നിര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കിയാണ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. മന്ത്രിമാരുടെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ,പ്രതിപക്ഷ നേതാവ് ,ചീഫ് വിപ്പ് എന്നിവരുടെയും ശമ്പളം പ്രതിമാസം 55,000 രൂപയിൽ നിന്ന് 90,367 മായും, എം എൽ എ മാരുടേത് 39500 ൽ നിന്ന് 70,000 രൂപയായും ഉയർത്താൻ ബില്‍ ശുപാർശ ചെയ്യുന്നു.

ബില്‍ പ്രകാരം എംഎല്‍എമാരുടെ നിയോജക മണ്ഡല ബത്ത 12,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയരും.നിയമസഭ സമിതി യോഗങ്ങളിൽ പങ്കെടുക്കാൻ എം എൽ എ മാർക്ക് കേരളത്തിനകത്തും വിമാനയാത്രാക്കൂലി അനുവദിക്കാനുള്ള പുതിയ വ്യവസ്ഥയും ബില്ലിലുണ്ട്. MLA മാർക്കുള്ള പലിശ – രഹിത വാഹനവായ്പ 10 ലക്ഷമാക്കി.അപകട ഇൻഷ്വറൻസ് തുകയും ബില്ലിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

ശമ്പള-ബത്ത വർദ്ധനകളിലൂടെ പ്രതിവർഷം ആകെ അഞ്ച് കോടി ഇരുപത്തഞ്ച് ലക്ഷത്തി എഴുപത്തയ്യായിരത്തി അഞ്ഞൂറ്റി എഴുപത്തിയാറ് രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നും സബ് ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയച്ച ബില്ലിൽ വ്യക്തമാക്കുന്നു.എന്നാല്‍ ഇത് അധിക ചെലവ് അല്ല.

ജയിംസ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെക്കാള്‍ കുറഞ്ഞ ശമ്പളമാണ് ബില്ലിലുള്ളതെന്നും മുന്‍കാല പ്രാബല്യം ബില്ലിന് നല്‍കുന്നില്ലെന്നും മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി.2012 ലാണ് അവസാനമായി നിയമസഭാംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചത്.എംഎല്‍എമാര്‍ അനധികൃതമായി സമ്പാദിക്കുന്നുണ്ടോയെന്നതില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഭരണഘടനാ പരമായ ആനുകൂല്യമാണ് എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത്.അരാഷ്ട്രീയ വാദികളാണ് തെറ്റായ പ്രചരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.നിയമസഭാ സാമാജികരുടെയും മുന്‍സാമാജികരുടെയും ശമ്പളവും ആനുകൂല്യവും കാലാനുസൃതമായി പരിഷ്കരിക്കണം.

അത് എംഎല്‍എമാരെ ദുസ്വാധീനത്തിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കുമെന്നും ബില്‍സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് കൊണ്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.ബില്‍ പാസ്സാകുമ്പോള്‍ ബില്ലില്‍ പറയുന്ന ശമ്പളവും ആനുകൂല്യവും എംഎല്‍എമാര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here