ഭര്‍ത്താവിന്റെ സ്വന്തക്കാരന് സര്‍ക്കാര്‍ഭൂമി; ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമിദാന വിഷയത്തില്‍ സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാദ്ധ്യതയേറി.

റവന്യൂമന്ത്രിക്ക് ലഭിക്കുന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സബ്കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സാദ്ധ്യത.

കഴിഞ്ഞ ജൂലൈമാസത്തില്‍ വര്‍ക്കലയില്‍, സര്‍ക്കാര്‍ ഏറ്റെടുത്ത 27 സെന്റ് പുറമ്പോക്ക് ഭൂമി, കൈവശം വച്ചിരുന്ന വ്യക്തിക്ക് തന്നെ വിട്ടുകൊടുത്ത നടപടിയാണ് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വീകരിച്ചത്. ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്.ശബരീനാഥന്റെ സുഹൃത്തിന് ഭൂമി ദാനം ചെയ്ത നടപടി പുറത്തായതോടെ, ഭൂമി വിട്ടുകൊടുത്ത സബ്കളക്ടറുടെ നടപടി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു.

കൂടാതെ വിഷയത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് റവന്യൂകമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റാണ് വിവാദ ഭൂമി. അന്വേഷണത്തിന്റെ ഭാഗമായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ചു.

ഇതിന് പുറമെ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തി പരിശോധന നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിക്ക് കൈമാറും. അതിന് മുന്നോടിയായി ഹീയറിംഗിനായി സബ് കളക്ടറോട് എത്തിച്ചേരാനും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഭൂമി ദാന വിഷയത്തില്‍ സബ്കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം സിപിഐഎം ഉന്നയിച്ചിരിക്കുകയാണ്. സബ്കളക്ടറെ സ്ഥലംമാറ്റണമെന്നും വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സിപിഐ നേതാക്കളും മന്ത്രിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രി സഭായോഗത്തില്‍ സബ്കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ക്കെതിരെയുള്ള നടപടി കാര്യത്തില്‍ തീരുമാനമുണ്ടാകും. വര്‍ക്കല ഭൂമി വിഷയത്തില്‍ വേഗത്തില്‍ നടപടി ഉണ്ടാകുമെന്ന് റവന്യൂമന്ത്രി തന്നെ നിയമസഭയില്‍ ഉറപ്പും നല്‍കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News