നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പരാമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നിലപാടറിയിക്കാനും ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ മാത്രമല്ല, പ്രതിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ചില രേഖകളും മൊഴിപ്പകര്‍പ്പുകളും ഇനിയും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

ദൃശ്യങ്ങള്‍ ഒഴികെയുളള എല്ലാ തെളിവുകളും രേഖകളും ദിലീപിന് നല്‍കാന്‍ പിന്നീട് സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. അതിനിടെ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം താനും കുറ്റകൃത്യത്തിലെ ഇരയാണെന്നാണ് സംഭവസമയത്ത് നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്റെ വാദം. തുടര്‍ന്ന് മാര്‍ട്ടിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here