‘സത്യം പറഞ്ഞ എന്നെ കള്ളനെന്ന് വിളിച്ച് ജയിലിലാക്കി’; ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍; മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇറാഖില്‍ ഐഎസിന്റെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് രാജ്യത്ത് മടങ്ങിയെത്തിയ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍ ഇത്രനാളും നിരാകരിച്ച് കേന്ദ്രം.

മറ്റ് മാര്‍ഗങ്ങളിലൂടെ വിവരം പുറത്തുവരുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ മരണവിവരം ഇപ്പോള്‍ വെളിപ്പെടുത്തിയത്.

മൊസൂളില്‍ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഹര്‍ജിത് മാസിയുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കംമുതല്‍ ശ്രമിച്ചത്.

മൊസൂളിലെ ബാദുഷിലെ കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോയവരെ നിരത്തി നിര്‍ത്തി വെടിവെച്ചന്നാണ് 2014ല്‍ത്തന്നെ ഇന്ത്യയില്‍ രക്ഷപ്പെട്ടെത്തിയ മാസി വെളിപ്പെടുത്തിയത്. കാലില്‍ വെടിയേറ്റ താന്‍ ബോധരഹിതനായി.

പിന്നീട് ഉണര്‍ന്നപ്പോള്‍ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടു. അവിടെനിന്ന് രക്ഷപ്പെട്ട് അടുത്തുള്ള ബംഗ്ലാദേശി അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മാസി വെളിപ്പെടുത്തിയത്.

മാസി പറയുന്നതെല്ലാം നുണയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടു. കേസെടുത്ത് മാസിയെ ജയിലിലുമടച്ചു. അനധികൃതമായി തൊഴിലാളിക്കടത്ത് നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്. ഒരുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മാസി ഇപ്പോള്‍ ജാമ്യത്തിലാണ്.

39 പേരെയും ഐഎസ് കൊലപ്പെടുത്തിയെന്ന് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ സമ്മതിച്ച സാഹചര്യത്തില്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മാസി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സ്വാധീനിച്ച് വിദേശകാര്യമന്ത്രാലയമാണ് തനിക്കെതിരെ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നും മാസി പറഞ്ഞു.

മാസിയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന നിലപാടില്‍ വിദേശമന്ത്രി സുഷ്മ സ്വരാജ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ബംഗ്ലാദേശി മുസ്ലിമായി അഭിനയിച്ച് മാസി തുടക്കത്തില്‍ത്തന്നെ രക്ഷപ്പൈട്ടന്നാണ് സുഷ്മയുടെ നിലപാട്.

2017 ഒക്ടോബറില്‍ത്തന്നെ ബാദുഷിലെ കൂട്ടക്കുഴിമാടം ഇറാഖി അധികൃതരുടെ സഹായത്തോടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

കൃത്യമായി 39 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതം നീളന്‍മുടി, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിവയും മൃതദേഹങ്ങള്‍ ഇന്ത്യാക്കാരുടേതുതന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു. തട്ടിക്കൊണ്ടുപോയ 39 പേരും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് അപ്പോള്‍ പോലും ബന്ധുക്കളെ അറിയിക്കാന്‍ കേന്ദ്രം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News